എറണാകുളം : കൊവിഡ് രോഗിയായ വൃദ്ധന്‍റെ മൃതശരീരം പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിൽ വ്യാപക പ്രതിഷേധം. ദളിത് വിഭാഗത്തിൽപ്പെട്ട,കുറുപ്പംപടി കൊമ്പനാട് വില്ലേജിൽ കയ്യാലക്കുടി വീട്ടിൽ കുഞ്ഞുമോൻ്റെ (85) മരണവുമായി ബന്ധപ്പെട്ടാണ് പരാതി.
മൃതദേഹത്തോടുള്ള അവഗണന അടിയന്തരമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കുഞ്ഞുമോൻ്റെ മകൻ അനിൽകുമാർ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 29 നാണ് കൊവിഡ് ബാധിതനായി കുഞ്ഞുമോനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശനായതിനെ തുടർന്ന് അമ്പലമുകൾ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പിന്നീട് സെപ്‌റ്റംബര്‍ 6 ന് കളമശ്ശേരി സഹകരണ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അഡ്മിറ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞുമോൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുമായി മകൻ അനിൽകുമാർ പലവട്ടം സംസാരിച്ചെങ്കിലും ആശങ്ക വേണ്ടെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ 14ന് കുഞ്ഞുമോൻ മരിച്ചെന്ന് ആശുപത്രി അധികൃതർ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം മൃതദേഹം ഏറ്റുവാങ്ങി പെരുമ്പാവൂർ നഗരസഭയുടെ കീഴിൽ മലമുറിയിൽ സ്ഥിതിചെയ്യുന്ന പൊതു ശ്മശാനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു.
എന്നാൽ ദഹിപ്പിക്കാൻ കൊണ്ടുവന്ന മൃതദേഹത്തിൽ പുഴുക്കൾ നിറഞ്ഞിരുന്നതായി മകൻ പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ യഥാസമയം അറിയിച്ചിരുന്നതായും എന്നാൽ അധികൃതർ ധൃതിപിടിച്ച് സംസ്കാരം നടത്തിയതായും പരാതിയിൽ വിശദീകരിക്കുന്നു.
ALSO READ: പ്ലസ് വൺ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
കളമശ്ശേരി മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയും കൃത്യവിലോപവും മൂലമാണ് ഇപ്രകാരം മൃതദേഹത്തിൽ പുഴുവരിക്കുന്നതിന് ഇടയായതെന്ന് പരാതിയിൽ വിശദീകരിക്കുന്നുണ്ട്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ കര്‍ശന നടപടി സ്വീകരിക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.