എറണാകുളം: കൊവിഡ് മഹാമാരിയിൽ അടിമുടി തകർന്നുപോയ മേഖലകളിലൊന്നാണ് ടൂറിസം. കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കെല്ലാം പൂട്ടു വീണു.
വിജനമായ ഭൂതത്താന്‍കെട്ട്
ഭൂതത്താൻകെട്ടിലെ പ്രകൃതിരമണീയമായ കാഴ്‌ചകളും പെരിയാറിലൂടെയുള്ള ബോട്ടിങ്ങും ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്നതാണ്. ദിവസേന ആയിരത്തിലധികം സഞ്ചാരികൾ എത്തിയിരുന്ന ഇവിടം ഇന്ന് ശൂന്യമാണ്.
കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി
ലക്ഷക്കണക്കിന് രൂപ കൊടുത്തു മോടിപിടിപ്പിച്ച ഭൂതത്താൻകെട്ട് സൗന്ദര്യവൽക്കരണ പദ്ധതി എല്ലാം അവതാളത്തിലായി. ഡിടിപിസി ഉടമസ്ഥതയിലുള്ള ടൂറിസം പ്രോജക്റ്റുകൾ എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ നിർത്തിവെക്കേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ ഡിസംബറിലാണ് ലക്ഷങ്ങൾ ചെലവഴിച്ച് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ബോട്ടുകള്‍ കരയില്‍ തന്നെയാണ്. ഭൂതത്താൻകെട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചതോടെ സമീപ പ്രദേശത്തുള്ള എല്ലാ റിസോർട്ടുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
അന്നം മുടങ്ങിയവര്‍
ഭൂതത്താൻകെട്ട് ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നവരുടെ ജീവിതമാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വഴിമുട്ടിയത്. വഴിയോര കച്ചവടക്കാർ, ഗൈഡുകൾ, ബോട്ട് ജീവനക്കാർ, ഹോട്ടൽ തൊഴിലാളികൾ ഉള്‍പ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായത്. സർക്കാരിന്‍റെ അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Also read: കോഴിക്കോട് ടൂറിസം കേന്ദ്രങ്ങൾ ലോക്ക്ഡൗൺ പ്രതിസന്ധിയിൽ