എറണാകുളം : കോതമംഗലം - നേര്യമംഗലം വനമേഖല അപൂർവമായൊരു പൂക്കാലത്തിന് സാക്ഷ്യം വഹിക്കുകയാണ്. തൃണവർഗത്തിലെ ഏറ്റവും വലിയ സസ്യമായ മുള പൂവിടുന്ന അപൂർവ കാഴ്‌ചയാണ് ഇവിടെ കാണാൻ സാധിക്കുക. നേര്യമംഗലം വന മേഖലയിലെ നഗരംപാറ, വാളറ വനഭാഗങ്ങളിലാണ് മുളകൾ കൂട്ടമായി പൂത്തുതുടങ്ങിയിരിക്കുന്നത്.
അര നൂറ്റാണ്ടിനിടയിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്തോടെ മുളകൾ ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ഈ മേഖലയിൽ മുളകളുടെ ലഭ്യത തീർത്തും കുറഞ്ഞേക്കാം. സസ്യഭുക്കുകളായ ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് ഭക്ഷ്യ ദൗർലഭ്യം നേരിടേണ്ടിയും വന്നേക്കാം. മുളകൾ ഉണങ്ങുന്നതിനാൽ വേനൽക്കാലത്ത് കനത്ത കാട്ടുതീക്കും കാരണമായേക്കാം.
ALSO READ: കോതമംഗലത്ത് കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നു
മുളയരി പോഷക സമൃദ്ധമായ ഒരു വന വിഭവമാണ്. മുളയരിക്ക് കിലോയ്‌ക്ക് 400 മുതൽ 600രൂപ വരെ വിലയുണ്ട്. ആദിവാസികൾ ഇത് വൻ തോതിൽ ശേഖരിച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ മുളയരി ധാരാളമായി ഉണ്ടാകുന്നത്തോടുകൂടി വന മേഖലയിൽ കീടങ്ങളും പെരുച്ചാഴികളും പെരുകുകയും പക്ഷി സാന്നിധ്യം വർധിക്കുകയും ചെയ്യും.