എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്‌ച(ജൂണ്‍ 20) വീണ്ടും പരിഗണിക്കാനായി മാറ്റി. ഹാഷ് വാല്യൂ മാറിയതിന്‍റെ പ്രത്യാഘാതമെന്തെന്ന് ബോധിപ്പിച്ചേ മതിയാകൂവെന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. പ്രതിഭാഗത്തിന്‍റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ ഹർജി. കൂടാതെ ഹാഷ് വാല്യു മാറിയത് ഏതെങ്കിലും തരത്തിൽ നടിയെ ആക്രമിച്ച കേസിനെ ബാധിക്കുമോ, ഇതിന്‍റെ ഗൗരവം എന്ത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
ഇക്കാര്യങ്ങളില്‍ എല്ലാം വിശദമായ മറുപടി നൽകാമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്‌ക്ക് അയക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹർജിയിൽ പ്രതിഭാഗം വാദം കൂടി കേൾക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടിയാൽ ദിലീപിന്‍റെ ഭാഗം കേൾക്കാമെന്നും ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.
തുടർന്ന് ഹർജി ജൂണ്‍ 20ന് വാദം കേൾക്കാനായി മാറ്റുകയായിരുന്നു. മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെയെന്നതും ഏത് ദിവസങ്ങളിലാണ് കാർഡ് തുറന്ന് പരിശോധിച്ചത് എന്നതിൽ വ്യക്തത വരുത്തണമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
നേരത്തെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നായിരുന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ഫോറൻസിക് ലാബിൽ നിന്ന് മുൻപ് പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും വീണ്ടും ഇതേ ആവശ്യം അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വിചാരണ കോടതിയുടെ നിലപാട്.