എറണാകുളം: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവറും ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഇന്ന് രാവിലെ 7.15 ന് അങ്കമാലി ദേശീയപാതയിൽ ബാങ്ക് ജംങ്ഷന് സമീപമായിരുന്നു അപകടം. അങ്കമാലി സെന്‍റ് ജോർജ് ബസിലിക്കയിൽ നിന്ന് കുർബാന കഴിഞ്ഞ് ടൗണിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയിൽ അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ബസിനടിയിൽപ്പെട്ടു. ഏറെ പണിപ്പെട്ടാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്. ഓട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ജോസഫ്, മാമ്പ്ര കിടങ്ങേൻ മത്തായിയുടെ ഭാര്യ മേരി, അങ്കമാലി കല്ലുപാലം പാറയ്ക്ക ജോർജിന്‍റെ ഭാര്യ മേരി, മൂക്കന്നൂർ കൈപ്രസാടൻ തോമസിന്‍റെ ഭാര്യ റോസി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ സമയം ഗതാഗത തടസമുണ്ടായി.