കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൊളശ്ശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി സോജിൻ എന്നിവരെ കഴിഞ്ഞ ദിവസം തലശ്ശേരി കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിൽ റോഷനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് സൂചന ലഭിച്ചത്.
ഇതേ തുടർന്ന് പൊലീസ് സംഘം റോഷനുമായി എത്തി റോഷൻ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അക്രമത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. തുടർന്ന് കൊളശ്ശേരിയിലെ കോഴിക്കടയ്ക്ക് പിന്നിൽ നിന്നും ഇരുമ്പ് ദണ്ഡും കണ്ടെത്തു. തലശ്ശേരി സിഐ വി കെ വിശ്വംഭരന്‍റെ നേതൃത്വത്തിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. അതേ സമയം കേസന്വേഷണത്തിന് നേതൃത്വം നൽകിയ തലശ്ശേരി എഎസ്പി അരവിന്ദ് കുമാറിനെ സ്ഥലം മാറ്റി. പകരം കണ്ണൂർ ഡിവൈഎസ്പി കെ വി വേണുഗോപാലിനെയാണ് തലശ്ശേരിയിൽ നിയമിച്ചത്.