കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയുടെ മൂന്നിലൊന്ന് ഭാഗം മാത്രം തുറന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി വിചിത്രമെന്ന് വ്യാപാരികൾ. നഗരം ഇപ്പോൾ പാതി തുറന്നും പാതി അടഞ്ഞും കിടക്കുകയാണ്. നഗരസഭയിൽ ഏറ്റവുമധികം വ്യാപാര സ്ഥാപനങ്ങളുള്ള ടൗൺ വാർഡ് ഇതുവരെയും കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്നും നീക്കിയിട്ടില്ല. അതേ സമയം മാർക്കറ്റ് അടക്കമുള്ള തൊട്ടടുത്ത വാർഡായ ഹബീബ് നഗർ തുറന്നിട്ടുമുണ്ട്. റോഡിന്‍റെ ഒരു ഭാഗം തുറന്നും മറുഭാഗം തുറന്നും കിടക്കുന്ന അവസ്ഥയാണിപ്പോൾ.
കോടതി മൊട്ട വാർഡ് തുറന്നപ്പോൾ കോർട്ട് റോഡിന്‍റെ വലിയൊരു ഭാഗം അടഞ്ഞു കിടക്കുകയാണ്. റോഡിന്‍റെ ഒരു വശത്തെ കടകൾ തുറന്നും മറുവശത്തെ കടകൾ അടഞ്ഞും കിടക്കുന്ന വിചിത്രമായ കാഴ്ചയാണ് തളിപ്പറമ്പിലുള്ളത്. ഏതൊക്കെ കടകൾ തുറക്കും എന്നറിയാത്തതിനാൽ സാധനങ്ങൾ വാങ്ങാൻ ആദ്യ ദിനം ജനങ്ങളും കാര്യമായി എത്തിയില്ല. അതുകൊണ്ട് തുറന്നവർക്ക് വലിയ കച്ചവടവും ഉണ്ടായില്ല. ഈ വിചിത്രമായ സ്ഥിതി ഒഴിവാക്കി നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എല്ലാ വ്യാപാരികൾക്കും കച്ചവടം നടത്താൻ സാഹചര്യമൊരുക്കണമെന്നും ഇവർ പറയുന്നു. തളിപ്പറമ്പ് നഗരത്തിന്‍റെ ഹൃദയ ഭാഗമായ മെയിൻ റോഡും ടൗണും തുറക്കാത്തതിനെതിരെ വ്യാപാരികൾ പ്രതിഷേധവും നടത്തി. തളിപ്പറമ്പ് മർച്ചന്‍റ്‌സ് അസോസിയേഷന്‍റെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.