കണ്ണൂർ : മാഹി പളളൂരിൽ കടകൾ കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. ബിഹാർ സ്വദേശികളായ രാഹുൽ ജൈസ്‌വാന്‍, മുസ്ലിം ആലാം, അസം സ്വദേശി വാസിർഖാൻ എന്നിവരെയാണ് ഡൽഹിയിൽ നിന്നും മാഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. പള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് മൊബൈൽ ഷോപ്പുകളിൽ നിന്ന് 12 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് സംഘം അപഹരിച്ചത്.
വാസിർഖാൻ്റെ നേതൃത്വത്തിൽ കൂലി പണിക്കാണെന്ന വ്യാജേന മാഹിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് സംഘം മോഷണം നടത്തിയത്. കടകളുടെ ഷട്ടറുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത ശേഷമായിരുന്നു കവര്‍ച്ച. മോഷണത്തിന് ശേഷം പളളൂരിൽ നിന്ന് സംഘം കണ്ണൂരിലെത്തി. തുടര്‍ന്ന് ട്രെയിൻ മാർഗം ബിഹാറിൽ എത്തി ഫോണുകള്‍ വില്‍പന നടത്തി.
ശേഷം ഡൽഹിയിൽ എത്തി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംഘം പൊലീസിൻ്റെ പിടിയിലാകുന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായതെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വളാട്ട് പറഞ്ഞു.
മുഖ്യപ്രതി വാസിർഖാൻ ഇതിന് മുൻപും മൂന്ന് സമാന കേസുകളിൽ പ്രതിയാണ്. മാഹി ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.