കണ്ണൂര്‍: മോട്ടോർ വാഹന ഭേദഗതി ബില്ലിൽ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതുവരെ കൂടിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രൻ. കേന്ദ്ര നിലപാട് അറിഞ്ഞതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും. കേന്ദ്രത്തിന്റെ പുതിയ നിലപാട്, മുഖ്യമന്ത്രിമാരുടെ യോഗം എന്നിവ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ എങ്ങനെയാണ് പിഴയുടെ നിരക്ക് കുറച്ചതെന്ന് പരിശോധിക്കും. അത് കേരളത്തിലും നടപ്പാക്കാന്‍ കഴിയുമെങ്കില്‍ അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കും. മറിച്ച് പിഴയില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ സ്വീകാര്യമായ രീതിയില്‍ പിഴയില്‍ തീരുമാനമെടുക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.