കണ്ണൂര്‍: തളിപ്പറമ്പ് കാക്കഞ്ചാലിലെ സ്ട്രീറ്റ് നമ്പർ അഞ്ചിലെ ഗതാഗത പ്രശ്‌നം രൂക്ഷമാകുന്നു. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ വെട്ടിപ്പൊളിച്ച റോഡ് ഇപ്പോള്‍ കാല്‍നടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത അവസ്ഥയിലാണ്. റീ ടാറിങ്ങിനുവേണ്ടി റോഡില്‍ 60 മീറ്റര്‍നീളത്തില്‍ മെറ്റല്‍ നിരത്തിയിട്ട് പത്ത് മാസത്തോളമായിട്ടും യാതൊരുവിധ പുനർനിർമാണവും നടന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നുത്. പത്ത് മാസമായി റോഡിന്‍റെ അവസ്ഥ ഇതാണ്.
മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മാണം. എന്നാൽ മെറ്റൽ നിരത്തിയതല്ലാതെ മാസങ്ങളായിട്ടും റോഡ് ഗതാഗതമാക്കിയില്ല. വെള്ളം ഒഴുകിപ്പോകുവാനുള്ള ഓവുചാലും നിർമിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നിൽ എത്തി നിൽക്കേ വോട്ട് ചോദിച്ചു ആരും ഇതുവഴി വരേണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആര് റോഡ് ഗതാഗത യോഗ്യമാക്കുന്നോ അവർക്ക് മാത്രമേ വോട്ട് നൽകൂ എന്ന ബോർഡുകളും നാട്ടുകാർ റോഡിൽ സ്ഥാപിച്ചു.
അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും പെട്ടന്ന് പണി പൂർത്തിയാക്കും എന്ന പതിവ് പല്ലവി മാത്രമാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്‍റെ കാര്യത്തിൽ ഒരു തീരുമാനമാക്കാതെ ആരും വോട്ട് അഭ്യർഥനയുമായി സമീപിക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍.