കണ്ണൂര്‍: കോസ്മോസ് പൂക്കളാൽ വരണാഭമായി നിൽക്കുകയാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മതിൽക്കെട്ടിന് പിറകുഭാഗത്തുള്ള റോഡരിക്. ഗസ്റ്റ് ഹൗസ് മുതൽ ഏതാണ്ട് അരകിലോമീറ്റർ ദൂരത്തിലാണ് റോഡിനിരുഭാഗവും പൂക്കൾ നിറഞ്ഞുനിൽക്കുന്നത്.
ഓറഞ്ചും മഞ്ഞനിറത്തിലുള്ള കോസ്‌മോസ് പൂക്കളാണ് ഇവിടെ പൂത്തുലഞ്ഞു നിൽക്കുന്നത്. പരിസരവാസികളായ എം.വി കല്യാണി, എം.വി ഐഷ, പി.അഞ്ജന, എൻ. സൂര്യ തുടങ്ങിയ കുട്ടികളാണ് പൂക്കൾക്ക് വിത്തുപാകിയതും അവയെ പരിചരിക്കുന്നതും. സിനിമാ സംവിധായകൻ ഷെറി ഗോവിന്ദും കുട്ടികൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കുട്ടികൾ ഈ പ്രവർത്തനം നടത്തുന്നുണ്ട്. പൂക്കൾ വിരിഞ്ഞാൽ തുമ്പികളും വണ്ടുകളും പൂമ്പാറ്റകളും തേൻ കുടിക്കാനെത്തുന്ന കാഴ്ച വലിയ സന്തോഷം തരാറുണ്ടെന്നും കുട്ടികൾ പറയുന്നു.
കുട്ടികൾ വളർത്തിയ ചെടിയിൽ ഈ മാസം ആദ്യം നിറയെ പൂക്കൾ വിരിഞ്ഞിരുന്നു. നിരവധി പൂമ്പാറ്റകളും തുമ്പികളും എത്തിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ ശക്തമായ മഴയിലും കാറ്റിലും നിരവധി പൂക്കൾ കൊഴിഞ്ഞു വീണു. അടുത്ത വർഷം കൂടുതൽ ഭാഗങ്ങളിൽ ചെടികൾ വളർത്താനാണ് കുട്ടികൾ ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ ഷെറി പറയുന്നു.
കുട്ടികൾ കഴിഞ്ഞ വർഷം ശേഖരിച്ച വിത്തുകൾ ഇത്തവണ മഴ തുടങ്ങുന്നതിന് മുമ്പാണ് വിതറിയത്. അതിന് മുമ്പ് ചെറിയ ചാല് കീറിയാണ് കുട്ടികൾ വിത്തിട്ടത്. കുട്ടികളുടെ ഒരുമയിൽ വിരിഞ്ഞ പൂക്കൾ തളിർത്തു നിൽക്കുന്നത് കാണാൻ നിരവധിയാളുകളാണ് കൊവിഡ് കാലത്തും ഇത് വഴി എത്തുന്നത്.