കണ്ണൂർ: പരിയാരത്തെ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് രോഗി സുഖം പ്രാപിച്ചു. ചക്കരക്കൽ കൂടാളി സ്വദേശി ബൈജു ( 54) ആണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയത്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ നിന്ന് ആദ്യമായിട്ടാണ് ഒരു കൊവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകുന്നതും രോഗം ഭേദമാകുന്നതും.
രണ്ട് ശ്വാസകോശത്തിലും കടുത്ത ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി കൊവിഡ് സെന്‍ററിൽ നിന്ന് ജൂൺ 20നാണ് പരിയാരത്ത് എത്തിച്ചത്. കുവൈത്തിൽ നിന്ന് നാട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം. അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഉന്നത മെഡിക്കൽ വിദഗ്ധരുൾപ്പടെയുള്ളവരുമായി ആലോചിച്ചാണ് പ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിച്ചത്.
രോഗികളുടെ അവസ്ഥയും, സാഹചര്യങ്ങളും നോക്കിയാണ് നൂറു ശതമാനം ഉറപ്പ് ഇല്ലെങ്കിൽ പോലും പ്ലാസ്മ തെറാപ്പി നൽകുന്നത്. കൊവിഡ് ബാധിച്ച് ഭേദമായ രോഗിയുടെ രക്തം എടുത്ത് പ്ലാസ്മ ശേഖരിച്ച്, പ്രത്യേക മെഷീൻ സഹായത്തോടെയാണ് പ്ലാസ്മ ചികിത്സ നൽകുന്നത്. പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ഇതിന് സൗകര്യമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും തയാറാക്കിയാണ് പ്രത്യേക ആംബുലൻസിൽ കൊണ്ടുവന്ന് രോഗിക്ക് ചികിത്സ നൽകിയത്.
ജൂൺ 24, 25 തീയതികളില്‍ രണ്ടുതവണ പ്ലാസ്മ ചികിത്സ നൽകി. രോഗം ഭേദമായതിനെത്തുടർന്ന് ജൂൺ 28 നാണ് വാർഡിലേക്ക് മാറ്റിയത്. തുടർ ദിവസങ്ങളിലും ആവശ്യമായ പരിചരണം നൽകി. പിന്നീട് നടത്തിയ രണ്ട് പരിശോധനകളിലും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഞായറാഴ്ചയോടെയാണ് ബൈജുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.