കണ്ണൂർ: മഴ ശക്തമായി പെയ്യുന്ന ദിവസങ്ങളിൽ ഒരടിയോളം ഉയരത്തിൽ വെള്ളം കയറുന്ന പറമ്പിലാണ് കരിവെള്ളൂർ പെരളം സ്വദേശി തമ്പായിയുടെ വീട്. മൺകട്ടയും കല്ലും കൊണ്ട് നിർമിച്ച വീടിന് അമ്പത് വർഷത്തോളം പഴക്കമുണ്ട്. മേൽക്കൂരയിലെ ഓടും മരങ്ങളും പഴകി ജീർണിച്ച അവസ്ഥയിലാണ്.
ഓട് പൊട്ടി ചോർന്നൊലിക്കാത്ത ഒറ്റമുറി പോലും ഈ വീട്ടിലില്ല. മൺകട്ടയും കല്ലും നനഞ്ഞു കുതിർന്നിട്ടുണ്ട്. 75 വയസുള്ള തമ്പായിയും അപസ്‌മാര രോഗിയായ മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് തൊട്ടടുത്ത വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നിരുന്നു. അതേ വെള്ളക്കെട്ടിൽ തന്നെയാണ് ഈ വീടും നിന്നിരുന്നത്. ചുമരിന് പോലും ഉറപ്പില്ലാത്ത വീട് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്ന ഭീതിയിലാണ് തമ്പായിയും മകനും ഇവിടെ കഴിയുന്നത്.
അപേക്ഷ പരിഗണിച്ചില്ല: വീടിനായി പഞ്ചായത്തിൽ പല തവണ അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് തമ്പായി പറയുന്നു. ഗ്രാമസഭയിൽ വരുന്ന അപേക്ഷകൾ പരിഗണിക്കുമ്പോൾ മുൻഗണന പട്ടികയിൽ ഉൾപ്പെടാത്തത് കൊണ്ടാണ് ഇവർക്ക് ഇതുവരെ വീട് അനുവദിക്കാത്തതെന്നും പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
അന്തിയുറങ്ങാന്‍ സുരക്ഷിതമായ ഒരു ഇടമാണ് തമ്പായിയുടെ ഏക സ്വപ്‌നം. ദുരന്തങ്ങൾ നടന്നതിന് ശേഷം മാത്രം ഉണരുന്ന സർക്കാർ സംവിധാനങ്ങൾക്ക് ഇനിയെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.