കണ്ണൂർ: കോടികൾ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നഗരസഭ തടഞ്ഞുവച്ചതില്‍ മനംനൊന്ത് വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന ്സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭക്കെതിരെ ബന്ധുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച 16 കോടിയോളം രൂപ മുടക്കിയാണ് സാജൻ കണ്ണൂർ ബക്കളത്ത് പാർത്ഥ കൺവെൻഷൻ സെന്റർ നിർമ്മിച്ചത്. സാജന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണം പൂർത്തിയാക്കിയ പാർത്ഥ ബിൽഡേഴ് കെട്ടിടത്തിന്‍റെ നമ്പറിനായി അപേക്ഷ നൽകിയപ്പോഴാണ് പല കാരണങ്ങൾ പറഞ്ഞ് നഗരസഭ അപേക്ഷ മടക്കിയത്. ഇതോടെ സാജൻ സിപിഎം ജില്ലാ കമ്മറ്റിക്ക് പരാതി നൽകി. ജില്ലാ കമ്മറ്റിയുടെ നിർദേശ പ്രകാരം ടൗൺ പ്ലാനിങിലും അപേക്ഷ നല്‍കി. കെട്ടിട നിർമാണത്തിൽ ടൗൺ പ്ലാനർ കണ്ടെത്തിയ അപാകതകൾ പരിഹരിച്ച് വീണ്ടും നഗരസഭയെ സമീപിച്ചെങ്കിലും അപേക്ഷ ചെവി കൊള്ളാൻ അധികൃതർ തയ്യാറായില്ലെന്ന് പാർത്ഥ ബിൽഡേഴ്സ് മാനേജർ സജീവൻ പറഞ്ഞു.
അതേ സമയം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കുന്നത് കൊണ്ടാണ് അനുമതി നൽകാതിരുന്നത് എന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ നഗരസഭ ചെയർപേഴ്സൺ അടക്കമുള്ളവർ തയ്യാറായില്ല. സിപിഎമ്മിന് അപ്രമാധിത്യമുള്ള ആന്തൂർ നഗരസഭയിലെ ചില വിഭാഗീയ പ്രശ്നങ്ങളാണ് സാജന്‍റെ അപേക്ഷ വൈകിപ്പിക്കാനുള്ള കാരണമെന്നാണ് സൂചന. സാജന്റെ ആത്മഹത്യക്ക് പിന്നാലെ ആരോപണം ഉയർന്ന സാഹചര്യത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.