കണ്ണൂര്‍: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 35 വാർഡുകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിങ് സ്റ്റേഷനുകളുണ്ട്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും വീഡിയോഗ്രാഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
500 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വോട്ടെണ്ണൽ ഓഗസ്റ്റ് 22ന് രാവിലെ 10 മണി മുതല്‍ മട്ടന്നൂര്‍ ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. പുതിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സെപ്‌റ്റംബർ 11ന് നടത്തും.
1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. നിലവിലെ കക്ഷിനില പ്രകാരം, 35ൽ 28 സീറ്റും എൽഡിഎഫിനൊപ്പമാണ്. ഏഴ് വാർഡിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.
എങ്കിലും ഇത്തവണ അട്ടിമറി വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിയും എല്ലാ വാർഡുകളിലും മത്സരിക്കുന്നുണ്ട്. എസ്‌ഡിപിഐ നാല് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിർത്തിയിട്ടുണ്ട്.
Read more: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് നാളെ, ഇന്ന് നിശബ്‌ദ പ്രചരണം