കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ നാലാമത് ആര്‍ച്ച് ബിഷപ്പായി മാർ ജോസഫ് പാംപ്ലാനി ചുമതലയേറ്റു. തലശേരി സെൻ്റ് ജോസഫ്‌സ് കത്തീഡ്രൽ അങ്കണത്തിൽ തയ്യാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ കർമങ്ങൾക്ക് പ്രധാന കാർമികത്വം വഹിച്ചു.
ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ഞറളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായി. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത അധ്യക്ഷനായി നിയമിച്ചുള്ള സിറോ മലബാർ അധ്യക്ഷൻ്റെ നിയമന പത്രിക തലശ്ശേരി അതിരൂപത ചാൻസലർ ഡോ. തോമസ് തെങ്ങുംപള്ളിൽ വായിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഭാരത കാതോലിക്ക മെത്രാൻ സമിതി (സിബിസിഐ) പ്രസിഡൻ്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്‌തു.
മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലി മുഖ്യാതിഥിയായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരൻ, മന്ത്രി റോഷി അഗസ്റ്റിൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, എംപിമാരായ ജോൺ ബ്രിട്ടാസ്, രാജ് മോഹൻ ഉണ്ണിത്താൻ, അഡ്വ. പി സന്തോഷ് കുമാർ, എംഎൽഎ സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.