കണ്ണൂര്‍: മാഹി നഗരത്തിലെ തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ മുന്‍ കൗണ്‍സിലര്‍ മാഹി പാലത്തില്‍ ഉപരോധ സമരം നടത്തി. പള്ളിയന്‍ പ്രമോദാണ് പാലത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നിരവധി തീര്‍ഥാടകര്‍ എത്തിച്ചേരുന്ന മാഹി സെന്‍റ് തെരേസാസ് പള്ളിത്തിരുനാള്‍ അടുത്തതിനാല്‍ മാഹി പാലത്തിലെ ഗര്‍ത്തങ്ങളും കെടിസി കവല വരെയുള്ള റോഡുകളും അറ്റകുറ്റപ്പണി നടത്തി നേരെയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഉപരോധത്തെത്തുടര്‍ന്ന് പത്ത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി പ്രമോദിനെ അറസ്റ്റ് ചെയ്ത് നീക്കി.
കെ ടിസി കവല വരെയുള്ള റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണേണ്ടത് മയ്യഴി നഗരസഭയും പാലം റോഡിന്‍റെ ചുമതല കണ്ണൂര്‍ പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനുമാണെന്നും എന്നാല്‍ റോഡുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയെന്നും പള്ളിയന്‍ പ്രമോദ് പറഞ്ഞു. പാലത്തിന് മുകളിൽ മെക്കാഡം ടാറിങ് നടത്തുന്നതിന് മുമ്പ് ടാർ ചെയ്ത ഭാഗം മുഴുവൻ നീക്കി ഗതാഗത യോഗ്യമാക്കുമെന്ന് അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ആ വാക്ക് പാലിക്കപ്പെട്ടില്ലെന്നും പ്രമോദ് ആരോപിച്ചു.