കണ്ണൂര്‍: കണ്ണൂർ കോർപറേഷനിൽ വീണ്ടും അട്ടിമറി. ഡെപ്യൂട്ടി മേയർക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുകണ്ടം ചാടിയ ലീഗ് സ്വതന്ത്രൻ വീണ്ടും യുഡിഎഫ് പാളയത്തിലെത്തി. കക്കാട് വാർഡിൽ നിന്നുള്ള കെപിഎ സലീമാണ് വീണ്ടും മറുകണ്ടം ചാടിയത്. മേയർക്കെതിരെ എൽഡിഎഫ് അവതരിപ്പിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് സലിം പറഞ്ഞു.
സലിം ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം കാണാമെന്ന് പാർട്ടിയും മുന്നണിയും ഉറപ്പ് നൽകിയതിന് പിന്നാലെയാണ് മടങ്ങിപ്പോക്ക്. കെ.എം ഷാജി എംഎൽഎ മുൻകൈയെടുത്താണ് മധ്യസ്ഥ ചർച്ചകൾ നടന്നത്. 55 അംഗ കൗൺസിലിൽ സലീമടക്കം 28 പേരാണ് യുഡിഎഫ് പക്ഷത്തുള്ളത്. 27 ആണ് എൽഡിഎഫ് അംഗബലം.
അതിനിടെ ലീഗിനും കോൺഗ്രസിലെ ഒരു പറ്റം കൗൺസിലർമാർക്കും താൽപര്യമില്ലാത്ത ഡെപ്യൂട്ടി മേയർ പി കെ രാഗഷിന്നെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കാൻ എൽഡിഎഫിനൊപ്പം ചേർന്ന് നടത്തിയ നാടകമാണ് സലീമിനെ മുൻനിർത്തി നടന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ യുഡിഎഫിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നാണ് പി കെ രാഗേഷിന്‍റെ പ്രതികരണം.