കൂത്തുപറമ്പ് സിപിഎമ്മിന് ഏറ്റവും വൈകാരികത നിറയുന്ന പേരാണത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ.ശൈലജ, പി.ജയരാജൻ തുടങ്ങിയ പ്രമുഖരെ നിയമസഭയിലേക്ക് അയച്ച മണ്ഡലം എന്ന നിലയിലല്ല. 1994 നവംബര്‍ 25ന് നടന്ന വെടിവെപ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് യുഡിഎഫിലേക്ക് പോയി മന്ത്രിയായ എംവി രാഘവന് എതിരായ പ്രതിഷേധത്തിലാണ് വെടിവെയ്പ്പ് നടന്നത്. അതിനാല്‍ വൈകാരികതയ്ക്ക് ആഴമേറും.
ഓരോ തെരഞ്ഞെടുപ്പ് കാലത്തും കൂത്തുപറമ്പില്‍ നിന്ന് ഉയർന്നു പാറേണ്ടത് ചെങ്കൊടിയാണെന്ന് സിപിഎം പ്രവർത്തകർ ആഗ്രഹിക്കും. പക്ഷേ ഇത്തവണ അതുണ്ടാകുമോ എന്ന ആശങ്കയിലാണ് കൂത്തുപറമ്പിലെ സിപിഎം പ്രവർത്തകർ.
പാലായില്‍ ജയിച്ച എൻസിപി നേതാവ് മാണി സി കാപ്പന് സീറ്റ് നല്‍കാതെ അന്ന് തോല്‍ക്കുകയും പിന്നീട് ഇടതു മുന്നണിയിലെത്തുകയും ചെയ്‌ത കേരള കോണ്‍ഗ്രസിന് പാലാ സീറ്റ് നല്‍കിയത് കൂത്തുപറമ്പിലും ചർച്ചാ വിഷയമാണ്. കാരണം കെകെ ശൈലജ ജയിച്ച കൂത്തുപറമ്പ് മണ്ഡലം ഇത്തവണ ഘടകകക്ഷിയായ എല്‍ജെഡിക്ക് നല്‍കാനുള്ള ആലോചനകൾ നടക്കുകയാണ്. കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്ന് മത്സരിച്ച് ശൈലജയോട് തോറ്റ എല്‍ജെഡി മുന്നണി മാറ്റം വഴി ഇത്തവണ എല്‍ഡിഎഫിലെത്തിയതാണ് വിഷയം.
മണ്ഡല ചരിത്രം
1957, 1960 തെരഞ്ഞെടുപ്പുകളില്‍ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥികൾ ജയിച്ചതും 2011ൽ ജെഡിയുവിലെ കെ.പി.മോഹനൻ തെരഞ്ഞെടുക്കപ്പെട്ടതും ഒഴികെ പരിശോധിച്ചാല്‍ മറ്റെല്ലാ തവണയും മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്നു. 1957 ലും 1960ലും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പി രാമുണ്ണി കുറുപ്പാണ് കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലെത്തിയത്. 1965ലും 1967ലും കെകെ അബു, പിന്നീട് 1970ല്‍ പിണറായി വിജയൻ ആദ്യമായി നിയമസഭയിലെത്തിയതും കൂത്തുപറമ്പില്‍ നിന്നാണ്. 1977ലും പിണറായി വിജയം ആവർത്തിച്ചു. 1980ല്‍ എംവി രാഘവനാണ് സിപിഎം പ്രതിനിധിയായി നിയമസഭയിലെത്തിയത്. 1982ല്‍ പിവി കുഞ്ഞിക്കണ്ണൻ സിപിഎമ്മിനെ പ്രതിനിധീകരിച്ച് എംഎല്‍എയായി. 1991ല്‍ പിണറായി വിജയൻ വീണ്ടും കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലെത്തി. 2001ലും 2006ലും പി ജയരാജനാണ് കൂത്തുപറമ്പിനെ പ്രതിനിധീകരിച്ചത്. പക്ഷേ 2011ല്‍ യുഡിഎഫ് എംഎല്‍എയായി കെപി മോഹനൻ കൂത്തുപറമ്പില്‍ നിന്ന് ജയിച്ചു. പക്ഷേ ആ വിജയത്തിന് 2016ല്‍ സിപിഎം പകരം വീട്ടി. കെകെ ശൈലജ, കെപി മോഹനനെ പരജയപ്പെടുത്തി മന്ത്രിയായി.
കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, പാട്യം, മൊകേരി, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും അടങ്ങിയതാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം. 1,84,697 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 88,390 പേര്‍ പുരുഷൻമാരും, 96,307 പേര്‍ സ്‌ത്രീകളുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് 2011
യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എസ്‌ജെഡിയുടെ കെ.പി മോഹനനാണ് 2011 ല്‍ കൂത്തുപറമ്പില്‍ നിന്ന് നിയമസഭയിലെത്തിയത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എസ്.എ പുതിയ വളപ്പിലിനെ 3303 വോട്ടുകള്‍ക്കാണ് മോഹനൻ തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 44.68 ശതമാനം വോട്ട് മോഹനൻ സ്വന്തമാക്കിയപ്പോള്‍ 42.10 ശതമാനം വോട്ടാണ് രണ്ടാം സ്ഥാനത്തെത്തിയ എസ്.എ പുതിയ വളപ്പിലിന് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി ഒ.കെ വാസു മാസ്റ്റര്‍ 9.25 ശതമാനം വോട്ടും നേടി.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
2011ലെ ജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ കെ.പി മോഹനനെ തന്നെയാണ് യുഡിഎഫ് വീണ്ടും കളത്തിലിറക്കിയത്. എന്നാല്‍ പദ്ധതി ലക്ഷ്യം കണ്ടില്ല. കെ.കെ ശൈലജയിലൂടെ എല്‍ഡിഎഫ് കൂത്തുപറമ്പ് തിരിച്ചുപിടിച്ചു. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 45.64 ശതമാനവും സിപിഎമ്മിലൂടെ എല്‍ഡിഎഫിന്‍റെ അക്കൗണ്ടില്‍ വീണു. കെ.പി മോഹനന് 2011 ല്‍ കിട്ടിയ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. യുഡിഎഫ് വോട്ട് വിഹിതം 37.27 ആയി താഴ്‌ന്നു. 12,291 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കെ.കെ ശൈലജ നിയമസഭയിലേക്ക്.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മണ്ഡലത്തില്‍ മികച്ച വിജയമാണ് നേടിയത്. കൂത്തുപറമ്പ് നഗരസഭയും കോട്ടയം, പാട്യം, മൊകേരി, കുന്നോത്തുപറമ്പ് പഞ്ചായത്തുകളും എൽഡിഎഫ് സ്വന്തമാക്കിയപ്പോള്‍ പാനൂർ നഗരസഭയും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു കയറി.