കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിൽ ഇത്തവണ ശ്രദ്ധേയമായ മത്സരം നടക്കുന്ന വാർഡാണ് 'കോടതി മൊട്ട'. ബിജെപിയുടെ ഒരേയൊരു സിറ്റിങ് സീറ്റ് കൂടിയാണ് ഈ വാർഡ്. കഴിഞ്ഞ തവണ ബിജെപിയുടെ ജനകീയ മുഖമായിരുന്ന കെ. വത്സരാജനായിരുന്നു ഈ വാർഡിൽ നിന്നും ജയിച്ചത്. എന്നാൽ വനിതാ സംവരണമായതോടെ പുതുമുഖമായ ഒ.സുജാതയെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും തളിപ്പറമ്പ് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി മുൻ ചെയർപേഴ്‌സണുമായ രജനി രമാനന്ദിനെയാണ് യുഡിഎഫ് മത്സര രംഗത്തിറക്കിയിട്ടുള്ളത്. രാജി നന്ദകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി.
വാർഡിൽ ഇത്തവണയും മികച്ച വിജയം നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഭരണ കാലയളവിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ രജനി രമാനന്ദ് നടത്തിയ ജനകീയമായ ഇടപെടലുകളിലാണ് യുഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നത്. പത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്താമാകുമ്പോഴേക്കും രണ്ടാം ഘട്ട പ്രചരണം പൂർത്തിയാക്കിയിരിക്കുകയാണ് ബിജെപിയുടെ സ്ഥാനാർഥി ഒ.സുജാതയും യുഡിഎഫ് സ്ഥാനാർത്ഥി രജനി രമാനന്ദും.
വത്സരാജൻ 243 വോട്ടിന് വിജയിച്ച വാർഡിൽ ഇത്തവണ 400 ഓളം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് ബിജെപി സ്ഥാനാർഥിയുടെ അവകാശ വാദം. ആകെ 784 വോട്ടർമാരാണ് വാർഡിലുളളത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഈ വാർഡിൽ പ്രധാന മത്സരം. എൽഡിഎഫിന് വേണ്ടി കുടുംബശ്രീ പ്രവർത്തകയായ രാജി നന്ദകുമാറാണ് മത്സര രംഗത്തുള്ളത്. എന്നിരുന്നാലും കോടതി മൊട്ട വാർഡിൽ ഇത്തവണ മത്സരം ഏറെ ശ്രദ്ധേയമാണ്.