കണ്ണൂർ: വീട് വിവാദത്തില്‍ വിശദീകരണവുമായി കെ.എം ഷാജി എംഎൽഎ. തനിക്കെതിരെ വിവാദമാക്കിയ വീട് ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും ആര്‍ക്കും പാത്തും പതുങ്ങാതെ നേരിട്ട് പരിശോധിക്കാമെന്നും കെ.എം ഷാജി ഫേസ് ബുക്കിൽ കുറിച്ചു. ആര്‍ക്കും വന്ന് കണക്കെടുത്ത് പോകാമെന്നും പാര്‍ട്ടി ഗുണ്ടകളുടെ സുരക്ഷാ വലയത്തിനാല്‍ ചുറ്റപ്പെട്ട പാര്‍ട്ടി ഗ്രാമത്തിലല്ല തന്‍റെ വീടെന്നും ഷാജി കുറിപ്പില്‍ വ്യക്തമാക്കി.
"പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയനാവുന്നതില്‍ വിഷമമില്ല. പക്ഷേ രാഷ്ട്രീയ പ്രതികാരം വീട്ടാന്‍ വ്യക്തിപരമായി ആക്രമിക്കുകയും അതിശയോക്തിപരമായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കാനാകില്ല. ഡിവൈഎഫ്‌ഐക്കാര്‍ക്കും എസ്‌എഫ്‌ഐക്കാര്‍ക്കും സവിശേഷ സ്വാഗതം. പുറത്ത് നിന്നു മാത്രം ഫോട്ടോയെടുത്ത് പോകരുത്. അകത്ത് വരണം. ഉള്ളിലുള്ളതെല്ലാം കാണാം. ഭാര്യയും മക്കളുമടക്കം അഞ്ച് പേരുള്ള എന്‍റെ വീട്ടില്‍ സാധാരണ വലുപ്പമുള്ള അഞ്ച് മുറികള്‍, സ്വീകരണ മുറിയോട് ചേര്‍ന്ന് ഡൈനിങ് ഹാള്‍, അടുക്കള, പഠനത്തിനും ലൈബ്രറിക്കും ഒരു മുറി എന്നീ സൗകര്യങ്ങളാണുള്ളതെന്നും ഷാജി വ്യക്തമാക്കി.
പത്രസമ്മേളനങ്ങളിലും സൈബര്‍ പ്രചാരണങ്ങളിലും നാലരക്കോടി വിലമതിക്കുന്ന വീട് കോര്‍പ്പറേഷന്‍ അളന്നപ്പോള്‍ 1.60 കോടി ആയി ചുരുങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍റെ മാനദണ്ഡം ശരിയായില്ലെന്ന പരാതിയുണ്ട്. കാര്‍പോര്‍ച്ചും മൂന്നു ഭാഗം തുറന്നിട്ട ടെറസുമടക്കം വീടിന്‍റെ സ്‌ക്വയര്‍ ഫീറ്റില്‍ ഉള്‍പെടുത്തിയത് അവരുടെ തെറ്റല്ല. പിണറായി വിജയനെ ഞാന്‍ വിമര്‍ശിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഗണ്‍മാനും ഡ്രൈവറും താമസിക്കുന്ന മുറിയടക്കം സത്യസന്ധമായി അളന്നാല്‍ 4500 സ്‌ക്വയര്‍ ഫീറ്റില്‍ അധികമാവില്ലെന്നാണ് ഇത് സംബന്ധമായി അറിയുന്ന വിദഗ്ദര്‍ പറയുന്നത്. സാധാരണമായ വിട്രിഫൈഡ് ടൈല്‍ ആണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ചുമരും കോണ്‍ക്രീറ്റും എല്ലാവര്‍ക്കും ഒരേ മെറ്റീരിയല്‍സ് ഉപയോഗിച്ചേ ചെയ്യാനാകൂ. അലങ്കാരങ്ങള്‍ക്കായി കാണിക്കുന്ന വിലകൂടിയ തൂക്കു വിളക്കുകളും വെളിച്ച സജ്ജീകരണങ്ങളൊന്നും ഈ വീട്ടിലില്ല. പക്ഷേ എനിക്ക് ഈ വീട് മനോഹരം തന്നെയാണ്.
ഞാന്‍ അതുണ്ടാക്കിയതിനുള്ള വരുമാന സ്രോതസ് ബന്ധപ്പെട്ടവര്‍ ചോദിച്ചിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ അവ ഹാജരാക്കുമെന്നും ഷാജി പറഞ്ഞു. എന്‍റെ പച്ച മാംസം കൊത്തി വലിക്കാന്‍ കൊതിക്കുന്നവര്‍ ഇതൊന്നും വിശ്വസിക്കണമെന്ന നിര്‍ബന്ധം എനിക്കില്ല. സത്യമറിയാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ക്കായാണ് ഈ വിശദീകരണം. എന്നെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. അവരില്‍ പലരും വാസ്തവമറിയാന്‍ വിളിക്കുന്നുണ്ട്. ആശ്വാസവാക്കുകള്‍ പറയുന്നുണ്ട്. തിരക്കുകള്‍ക്കിടയില്‍ എല്ലാവരോടും വിശദമായി സംസാരിക്കാനാവുന്നില്ല. അത് കൊണ്ട് കൂടിയാണ് ഈ കുറിപ്പെന്നും ഷാജി വ്യക്തമാക്കി.
പൊതു ജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സ്വന്തം കാര്യം നോക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. ആ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി. പക്ഷെ അത് കൊ ണ്ട് പൊതുസ്വത്തിലോ മറ്റുള്ളവര്‍ക്കോ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറച്ച് പറയാനാവും. രാഷ്ട്രീയമായ വിമര്‍ശങ്ങള്‍ക്ക് നമ്മള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന ഒരു പാഠം കൂടി ഈ വിവാദങ്ങളില്‍ നിന്നും ലഭിച്ചു. ആയുസില്‍ ഒരു കുടുംബം ഒരിക്കല്‍ മാത്രം നിര്‍മ്മിക്കുന്ന വീട് പോലും ജനകീയ വിചാരണക്ക് വിധേയമാകും. നമ്മള്‍ മൗനത്തിലാണെങ്കില്‍ എത്ര വലിയ കൊട്ടാരവും ഉണ്ടാക്കാം. ഏത് വിധേനെയും സമ്പാദിക്കാം. ഒന്നുറപ്പ് മറ്റെന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും രാഷ്ട്രീയ നിലപാടുകളും നെറികേടുകളോടുള്ള വിയോജിപ്പുകളും തുടരുക തന്നെ ചെയ്യുമെന്നും ഷാജി പറഞ്ഞു.