കണ്ണൂര്‍: ലോക്ക് ഡൗൺ കാലത്ത് തളിപ്പറമ്പ് നോർത്ത് കുപ്പം വഴി കടന്നുപോകുന്നവർക്ക് വിശപ്പോ, ദാഹമോ സഹിക്കേണ്ടി വരില്ല. എസ്കെഎസ്എസ്എഫ് വിഖായ വളണ്ടിയർമാരാണ് അവശ്യ സര്‍വീസുകള്‍ നടത്തുന്ന ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, പൊലീസുകാര്‍ എന്നിവര്‍ക്കായി കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നത്. എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിക്ക് കീഴിലുള്ള വിഖായയുടെ വളണ്ടിയർമാർ നോർത്ത് കുപ്പത്തെ പൊലീസ് പിക്കറ്റിങ് പോസ്റ്റിനരികിൽ തീര്‍ത്ത താല്‍കാലിക ഷെഡിലാണ് സൗജന്യ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നത്.
കുടിവെള്ളത്തിന് പുറമെ തണ്ണീർമത്തൻ, പൈനാപ്പിൾ, നേന്ത്രപ്പഴം, ഓറഞ്ച്, പപ്പായ എന്നിവയാണ് ഇവർ സൗജന്യമായി നൽകുന്നത്. ആംബുലൻസ്, ദീർഘ ദൂര ചരക്ക് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർ, അവശ്യ സർവ്വീസുകൾ നടത്തുന്നവർ എന്നിവര്‍ക്കെല്ലാം ഈ സേവനം ഏറെ ഉപകാരപ്രദമാകുകയാണ്. ഹാഷിർ അബ്ദുള്ള, എം.ഷമ്മാസ്, ബി.ഷഹബാസ്, കെ.വി ഫായിസ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.