കണ്ണൂര്‍: ധര്‍മ്മടം പാലയാട് സർവകലാശാലാ നിയമപഠനകേന്ദ്രത്തിന് സമീപം വീട്ടുവളപ്പിൽ നിന്ന് അഞ്ച് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടോടെ പറമ്പിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് കുഴിച്ചിട്ട നിലയിൽ പ്ലാസ്റ്റിക്ക് ഭരണിയിൽ ബോംബുകൾ കണ്ടെത്തിയത്. തുടര്‍ന്ന് ധര്‍മ്മടം എസ് ഐ മഹേഷ് കണ്ടമ്പേത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.
ബോൾ ഐസ്ക്രീം ലഭിക്കുന്ന പ്ലാസ്റ്റിക്ക് ബോളിൽ നിർമിച്ച ബോംബ് ഉഗ്രശേഷിയുള്ളതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കണ്ണൂർ ജില്ലയിലും മാഹിയിലും രാഷ്ട്രീയ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്.