കണ്ണൂര്‍: ആന്തൂരിൽ പ്രവാസി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമമെന്ന റിപ്പോർട്ടുകള്‍ തള്ളി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശരിയായി രീതിയില്‍ തന്നെയാണ് അന്വേഷണം നടത്തുന്നതെന്ന് കണ്ണൂർ എസ് പി വ്യക്തമാക്കി.
കേസന്വേഷണം എപ്പോൾ പൂർത്തിയാകുമെന്ന് ഈ അവസരത്തിൽ പറയാൻ കഴിയില്ലെന്നും എസ് പി പ്രതീഷ് കുമാർ പറഞ്ഞു.
എന്നാല്‍ കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാതിരുന്നത് മാത്രമല്ല ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ആരോപണം.
സാജന്റെ കുടുംബാംഗങ്ങളിൽ നിന്ന് ഒന്നിലധികം തവണ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മക്കളിൽ നിന്നും മൊഴിയെടുത്തു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കുട്ടികളോട് പ്രധാനമായും ചോദിച്ചത്.
എന്നാൽ അന്വേഷണത്തിന്റെ ഗതി മാറിയിട്ടില്ലെന്നും കേസ് തെളിയിക്കാൻ പല വഴികളിലൂടെയും സഞ്ചരിക്കേണ്ടി വരുമെന്നും കണ്ണൂർ എസ് പി പ്രതീഷ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
അതേസമയം സാജന്‍റെ കുടുബാംഗങ്ങൾ മൊഴി നൽകിയിട്ടും നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമളയെ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
എന്നാൽ സമഗ്ര അന്വേഷണം നടക്കുകയാണെന്നും പി കെ ശ്യാമളയിൽ നിന്ന് ഉടൻ മൊഴിരേഖപ്പെടുത്തുമെന്നും അന്വേഷണ സംഘവും വ്യക്തമാക്കി. വിഷയത്തിൽ ഇനി പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് സാജന്റെ കുടുംബം. അതിനിടെ നഗരസഭ സെക്രട്ടറി ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിക്കാൻ പാർഥ ബിൽഡേഴ്സ് അധികൃതർ നടപടി ആരംഭിച്ചു.