കണ്ണൂര്‍: മൂന്ന് ഭാഗവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണ് പട്ടുവം. കണ്ണൂരിന്‍റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ഇവിടെ നെൽകൃഷി ഉപജീവനമാർഗമാക്കി കഴിയുന്നവരാണ് കൂടുതൽ. ഇത്തവണ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി അനിയന്ത്രിതമായി ഉപ്പുവെള്ളം നെല്‍പാടങ്ങളിലേക്ക് കയറുകയാണ്. 20 വർഷത്തിന് ശേഷമാണ് ഇതുപോലെ ഉപ്പുവെള്ളം കയറുന്നത്. അതിനാൽ തന്നെ കൃഷിയോഗ്യമായ നെൽവയലുകളിൽ പോലും ഇത്തവണ കൃഷി ഇറക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
ഉപ്പുവെള്ളം കയറിയ വയലുകളിൽ ഇനി വിത്തിട്ടാൽ മുളക്കില്ല. എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികാരികൾ ഇടപെട്ടുകൊണ്ട് ഉപ്പുവെള്ളം കയറുന്നത് തടയാനുതകുന്ന ബണ്ടുകൾ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടിഞ്ഞാറേച്ചാൽ ഭാഗങ്ങളിൽ വീടുകളിലെ കിണറുകളിലും ഉപ്പുവെള്ളം കയറി കുടിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പട്ടുവത്തെ മറ്റ് പ്രദേശങ്ങളിലും ഇതുപോലെ ഉപ്പുവെള്ളം കയറിയ 20 ഹെക്ടറോളം കൃഷിയിടങ്ങൾ ഉണ്ട്. അധികൃതർ ശാശ്വത പരിഹാരം കണ്ട് കൃഷി സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.