കണ്ണൂര്‍: ഇളംകോലം, കണ്‌ഠാകർണൻ, പുതിയഭഗവതി, പൊട്ടൻ ദൈവം, ഗുളികൻ, ഉച്ചിട്ട, ബാലി, തായ്‌പരദേവത തുടങ്ങി നിരവധി ദൈവക്കോലങ്ങൾ ഉറയുന്ന ക്ഷേത്ര മുറ്റങ്ങൾ പോലെയാണ് അഞ്ചാം പീടിക സ്വദേശി സംഗീത് രാജിന്‍റെ വീട്.
കളിയാട്ടക്കാവുകളിൽ താൻ കണ്ട തെയ്യങ്ങളുടെ മിനിയേച്ചർ രൂപങ്ങളാണ് പ്ലാസ്‌റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് സംഗീത് നിര്‍മിക്കുന്നത്. തെയ്യം കലാകാരന്മാർ പുലർത്തുന്ന സൂക്ഷ്‌മതയും ഏകാഗ്രതയും തന്‍റെ കരവിരുതിലും സംഗീത് പുലർത്തിയിട്ടുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സംഗീത് ആദ്യമായി തെയ്യം രൂപങ്ങൾ നിർമിച്ചു തുടങ്ങിയത്. എന്നാൽ തെർമോകോൾ ഉപയോഗിച്ച് നിർമിച്ചതിനാൽ പെട്ടെന്ന് നശിച്ചു പോയി. പിന്നീടാണ് പ്ലാസ്‌റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് നിർമാണം തുടങ്ങിയത്.
നൂൽ, തുണി, ഫോം ബോർഡ് തുടങ്ങിയവ സൂക്ഷ്‌മമായി ഉപയോഗിച്ചാണ് അണിയലങ്ങളും ആടയാഭരണങ്ങളും നിർമ്മിക്കുന്നത്. അക്രലിക് പെയിന്‍റ് ഉപയോഗിച്ച് രൂപങ്ങൾക്ക് വർണങ്ങൾ നൽകും. ജോലി കഴിഞ്ഞുള്ള ഒഴിവ് വേളയിലാണ് നിർമാണം എന്നതിനാൽ ഓരോ രൂപങ്ങളും ഉണ്ടാക്കിയെടുക്കാൻ ഒരു മാസത്തിലധികം സമയമെടുക്കും.
തെയ്യക്കാലമായതോടെ തെയ്യം നേരിൽ കണ്ട് തന്നെ കൂടുതൽ ചെറു രൂപങ്ങൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ കലാകാരന്‍.
Also read: ശശിയുടെ പേനത്തുമ്പില്‍ വിരിയുന്ന തെയ്യക്കോലം