കണ്ണൂർ: മേയർ സ്ഥാനത്തേക്ക് മൂന്ന് പ്രമുഖ നേതാക്കൻമാരുടെ പേര് ഉയർന്നതോടെ കണ്ണൂർ കോർപ്പറേഷനില്‍ പുതിയ കീഴ്‌വഴക്കവുമായി കോൺഗ്രസ്. യുഡിഎഫ് ഭൂരിപക്ഷം നേടിയ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാർക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെ മേയറെ കണ്ടെത്തും. വോട്ടെടുപ്പ് നാളെ നടക്കുമെന്നാണ് അറിയുന്നത്. പാർട്ടിയില്‍ കൂടുതൽ പേരുടെ പിന്തുണയുള്ള ടിഒ മോഹനനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. പാർട്ടിക്കുള്ളിലെയും കഴിഞ്ഞ ഭരണസമിതിയിലെ നേതൃപാടവവും മോഹനന് അനുകൂല ഘടകമാകും.
കെഎസ്‌യു നേതാവായി പൊതുരംഗത്ത് എത്തിയ മോഹനന്, മേയർ സീറ്റിലേക്ക് പരിഗണിക്കപ്പെടുന്ന കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജിനേക്കാൾ കോൺഗ്രസ് സംഘടനാ പരിചയമുണ്ടെന്നതും ജാതി സമവാക്യങ്ങളും അനുകൂല ഘടകമാണ്. സംവരണ സീറ്റായ ഡെപ്യൂട്ടി മേയർ കസേരയിലേക്ക് മുസ്ലിം ലീഗിലെ ഷമീമ ടീച്ചറുടെ പേരിനാണ് മുൻതൂക്കം. അതേസമയം, മാർട്ടിൻ ജോർജിനെ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ മേയറും ഡെപ്യൂട്ടി മേയറും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാകും എന്ന ആരോപണം കോൺഗ്രസില്‍ ഉയർന്നിട്ടുണ്ട്.
മേയർ സ്ഥാനത്ത് പരിഗണിക്കപ്പെടുന്ന, മറ്റൊരു നേതാവായ പികെ രാഗേഷിനെ അനുകൂലിക്കാൻ മുസ്ലീം ലീഗ് തയ്യാറല്ല. കഴിഞ്ഞ ഭരണ കാലത്ത് നാല് വർഷം എൽഡിഎഫിനൊപ്പം നിന്ന ശേഷം തിരിച്ചെത്തിയ രാഗേഷിന് കോൺഗ്രസ് പാർട്ടിയിലും പിന്തുണ കുറവാണ്. മൂന്ന് പ്രമുഖർ മേയറാകാൻ രംഗത്തുള്ളതുകൊണ്ട് പാർട്ടിക്കുള്ളില്‍ വോട്ടെടുപ്പ് പോലെയൊരു വിചിത്രമായ തീരുമാനമെടുക്കാൻ കെപിസിസിയാണ് നിർദ്ദേശം നൽകിയത്.
തിങ്കളാഴ്ച മേയർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥിയെ കണ്ടെത്താൻ വൈകുന്നതിരെ മുസ്ലീം ലീഗിലും അമർഷമുണ്ട്. എത്രയും വേഗം പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നത്. 55 അംഗങ്ങളുള്ള കണ്ണൂർ കോർപ്പറേഷനില്‍ 34 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കോൺഗ്രസ് -20, മുസ്ലിംലീഗ് -14 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റിൽ വിജയിച്ച കോൺഗ്രസ് വിമതനും യുഡിഎഫിനൊപ്പം നിൽക്കും. കോൺഗ്രസും ലീഗും മേയർ സ്ഥാനം പങ്കിട്ടെടുക്കുന്നതാണ് കണ്ണൂരിലെ പതിവ്. കഴിഞ്ഞ തവണ 13 മാസം ഭരണം കിട്ടിയപ്പോഴും മേയർ സ്ഥാനം ഇരുപാർട്ടികളും പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണയും അത് തുടരണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.