കണ്ണൂർ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. അമിത് ഷായെ ക്ഷണിച്ചതിലൂടെ വര്‍ഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒരു തരി പോലും അഭിമാന ബോധമില്ലെന്നും കാര്യം നടക്കാൻ പിണറായി വിജയന്‍ ആരുടെ കാല്‍ വേണമെങ്കിലും പിടിക്കുമെന്നും സുധാകരൻ പരിഹസിച്ചു.
മുന്‍ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ പേരിലുള്ള വള്ളംകളിയില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാര്‍ നേതാക്കള്‍ക്ക് സിപിഎം കേരള ഘടകം നല്‍കുന്ന അമിത പ്രാധാന്യം പോളിറ്റ് ബ്യൂറോയുടെ ആശിര്‍വാദത്തോടെയാണോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
സർവകലാശാലകളിലെ അനധികൃത നിയമനങ്ങളെ നിയമപരമായി നേരിടുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ഗവർണറെ ചൊൽപ്പടിക്ക് നിർത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധാകരൻ ആരോപിച്ചു. ദേശീയ തലത്തില്‍ പുതിയ നേതൃത്വം ആവശ്യമാണെന്നും മറ്റാരേയും പരിഗണിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും സുധാകരൻ പറഞ്ഞു.