കണ്ണൂർ : വികസനമല്ല കമ്മീഷനാണ് കെ റെയിലിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്നും ജനക്ഷേമത്തിന് മാറ്റിവയ്ക്കാൻ പണമില്ലാത്ത സർക്കാരിന് കെ റെയിലിനായി ഫണ്ടുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്‍റെ കാർബൺ കോപ്പിയാണ് പിണറായി സർക്കാര്‍. ഗാന്ധിജി വില്ലനും ഗോഡ്‌സെ നായകനുമാവുന്ന കാലഘട്ടത്തിലേക്കാണ് രാജ്യത്തെ ബിജെപി കൊണ്ടുപോകുന്നത്. രാജ്യചരിത്രം ബിജെപി വളച്ചൊടിക്കുകയാണ്. ഇന്ദിര ഗാന്ധിയുടെ കാലത്ത് പാകിസ്ഥാൻ മാത്രമേ ശത്രുസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാൽ മോദി സന്ദർശിച്ച 45ഓളം രാജ്യങ്ങളിൽ പലരും ഇന്ന് ശത്രുപക്ഷത്താണ്. കോൺഗ്രസ് എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് തിരിച്ചുവരുമെന്നും കെ മുരളീധരൻ പറഞ്ഞു.
ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനം
ഉപതെരെഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടിയാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്. ഇല്ലെങ്കിൽ ഇന്ധന വില 1000 രൂപയിൽ എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുകാലിൽ പോയവർക്ക് മൂക്കിൽ പഞ്ഞിവച്ച് വരേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലുള്ളതെന്നും ഇതേ സ്ഥിതി തുടർന്നാൽ ബംഗാളിലെയും ത്രിപുരയിലെയും ഗതിയായിരിക്കും കേരളത്തിലെ സിപിഎമ്മിനെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന് മാത്രമേ കോൺഗ്രസിനെ നശിപ്പിക്കാൻ കഴിയൂവെന്ന് ടി.പത്മനാഭൻ
കോൺഗ്രസ് മുക്ത ഭാരതത്തിനായാണ് ഭരണത്തിലുള്ളതും അല്ലാത്തതുമായ കക്ഷികൾ രാജ്യത്ത് ശ്രമിക്കുന്നതെന്ന് കഥാകൃത്ത് ടി പത്മനാഭൻ. എന്നാൽ അത് വെറും വ്യാമോഹം മാത്രമാണ്. കോൺഗ്രസിനെ നശിപ്പിക്കാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. അതേസമയം കോൺഗ്രസിന് മാത്രമേ കോൺഗ്രസിനെ നശിപ്പിക്കാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു. മരണശേഷം ത്രിവർണ പതാക ദേഹത്ത് അണിയിച്ച് മാത്രമേ തന്നെ പയ്യാമ്പലത്ത് അടക്കാൻ പാടുള്ളൂവെന്നും പത്മനാഭൻ പറഞ്ഞു.
READ MORE: K Rail : ഭൂമി അളക്കല്‍ ആരംഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി