കണ്ണൂര്‍: ശക്തമായ കടലേറ്റത്തെ തുടര്‍ന്ന് ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ കടൽ തീരത്ത് പാറക്കെട്ടിൽ സ്ഥാപിച്ച കരിങ്കൽ സ്തൂപം തകര്‍ന്നുവീണു. പോർച്ചുഗീസുകാർ സ്ഥാപിച്ചതെന്ന് കരുതുന്ന ഈ സ്തൂപം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പായ്ക്കപ്പലുകൾക്ക് ദിശാ സൂചനയും അപകട സൂചനയും നൽകാനായി സ്ഥാപിച്ച സ്തൂപത്തിൽ 1956 വരെ ലാന്തർ കത്തിച്ചു വെച്ചിരുന്നു.
ഈ സ്തൂപത്തിന് സമീപത്തെ കുന്നില്‍ ഒരു കോട്ട സ്ഥിതി ചെയ്‌തിരുന്നു. 1790 ല്‍ മൈസൂർ പടയാളികളും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് കോട്ട തകർന്നത്. മൈസൂർ പടയാളികൾക്കൊപ്പം ഫ്രഞ്ച്കാരുമുണ്ടായിരുന്നു. ഈ കോട്ടയുടെ ഭാഗമായിരുന്നു ഈ സ്തൂപം. ഇതിന് സമീപത്ത് കുറുങ്ങോട്ട് നായരുടെ കരോൽ കോവിലകവും സ്ഥിതി ചെയ്‌തിരുന്നു.
Also read: കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്
30 വർഷം മുമ്പ് കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള തീരദേശ സുരക്ഷാ വകുപ്പ് ഈ സ്തൂപം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകളായി നിലനിന്ന ഈ സ്തൂപം പൂർവ്വസ്ഥിതിയിലാക്കി ചരിത്ര സ്‌മാരകമായി നിലനിർത്തണമെന്നാണ് പൊതു പ്രവർത്തകരുടേയും ചരിത്രവിദ്യാർഥികളുടേയും ആവശ്യം.