കണ്ണൂർ : ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ കെ.ലിജേഷ് ഉൾപ്പടെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി മേഖലയിൽ കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എ.സി.പി വിഷ്‌ണു പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ തലശ്ശേരിയിൽ ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തി.
READ MORE: കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവർ: കോടിയേരി ബാലകൃഷ്ണൻ
പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഹരിദാസന്‍റെ മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം പുന്നോലിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.
സിപിഎം പ്രവർത്തകനായ പുന്നോൽ സ്വദേശി ഹരിദാസനെ (54) ബൈക്കിലെത്തിയ സംഘം പുലര്‍ച്ചെ ഒന്നരയോടെ കൊലപ്പെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.
അതേസമയം ഹരിദാസന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.