കണ്ണൂര്‍: ലോക്ക് ഡൗൺ കാലത്ത് ഹരിതവിപ്ലവമൊരുക്കി സബ് കലക്ടറും സംഘവും. തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്‍ സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടെറസില്‍ 200 ഓളം ഗ്രോബാഗ് ഉപയോഗിച്ച് പച്ചക്കറി വിളയിച്ചത്. വിളവെടുക്കുന്ന പച്ചക്കറികൾ സമൂഹ അടുക്കളയിലും സൗജന്യ കിറ്റ് വിതരണത്തിനുമായിട്ടാണ് ഉപയോഗിക്കുക. ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തില്‍ ഉണ്ടായേക്കാവുന്ന വിലക്കയറ്റവും ക്ഷാമവും മുന്‍കൂട്ടി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്.
ക്യഷി ഓഫീസറുടെ പിന്തുണ കൂടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ സബ് കളക്ടര്‍ എസ് ഇലക്യ ചെയര്‍മാനും താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ആര്‍ സുരേഷ് കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യഷി ഇറക്കിയത്. തക്കാളി, വെണ്ട, വഴുതിന, പച്ചമുളക് എന്നിവയാണ് വിളയിച്ചത്. വിത്തിറക്കി കൃഷി തുടങ്ങിയപ്പോഴേക്കും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഓഫീസുകള്‍ക്ക് അവധി അനുവദിക്കുകയും ചെയ്തതോടുകൂടി കൃഷി പ്രതിസന്ധിയില്‍ ആകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ചില ഓഫീസുകള്‍ അവശ്യ സേവനത്തില്‍പെടുത്തി പ്രവര്‍ത്തനം തുടര്‍ന്നത് അനുഗ്രഹമായി. തളിപ്പറമ്പ് കൃഷി ഓഫീസര്‍ സ്വപ്‌നയും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തതോടെ മികച്ച വിളവാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.