കണ്ണൂർ : ജൈവവൈവിധ്യത്തിന്റെ കലവറയായ മുണ്ടേരിക്കടവ് പക്ഷി സങ്കേതത്തിലെ ഇക്കോ ടൂറിസം പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിൽ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രനാണ് ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്‌തത്. എന്നാൽ അതിനുശേഷം പദ്ധതിക്ക് കീഴിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല എന്നതാണ് ദുഃഖകരമായ കാഴ്‌ച.
പദ്ധതിക്കായി അന്നത്തെ മന്ത്രിയും സ്ഥലം എംഎൽഎയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍റെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 73.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ റിസേർച്ച് ആൻഡ് കൺസള്‍ട്ടന്‍സി വിഭാഗമായ ഹരിതയ്ക്ക് ആയിരുന്നു നടത്തിപ്പുചുമതല. എന്നാൽ ഇന്ന് മുണ്ടേരിക്കടവിന്‍റെ കാഴ്‌ച ദയനീയമാണ്.
ജൈവവൈവിധ്യ കലവറയായ പക്ഷിസങ്കേതത്തിൽ രാത്രിയും പകലും എന്ന് വേണ്ട സാമൂഹിക വിരുദ്ധർക്ക് സ്വൈര്യ വിഹാരത്തിനുള്ള ഇടമായി മാറിയിരിക്കുകയാണ്. മദ്യക്കുപ്പികളും മാലിന്യങ്ങളും കൊണ്ട് മുണ്ടേരിക്കടവിൻ്റെ കാഴ്ച തന്നെ മാറ്റിയിരിക്കുന്നു. കൊവിഡിനെ തുടർന്നാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭത്തിൽ തന്നെ മുടങ്ങിയത്.
തുടക്കത്തിൽ നിർമിച്ച ഗേറ്റ് മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. സ്വകാര്യ വ്യക്തികളുടെ സ്ഥലം കൂടി ഏറ്റെടുത്ത് പക്ഷികളുടെ ആവാസ വ്യവസ്ഥ നിലനിർത്തി സഞ്ചാരികൾക്ക് പക്ഷിനിരീക്ഷണം നടത്താനും, ഗ്രാമ ഭംഗി ആസ്വദിക്കാനും മുണ്ടേരി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രൂപകൽപ്പന നടത്തുന്നതായിരുന്നു പദ്ധതി.
സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്തെങ്കിലും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുണ്ട്. ഏക്കറുകണക്കിന് വിസ്തൃതി ഉള്ള ജൈവവൈവിധ്യം നിറഞ്ഞ സ്ഥലം സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതിയെയും നില നിർത്തേണ്ടതുണ്ട്. അതിനാൽ തന്നെ സംസ്ഥാന സർക്കാർ മുണ്ടേരിക്കടവിനെ സംരക്ഷിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.