കണ്ണൂർ: ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ സ്‌മരിച്ചുകൊണ്ടുള്ള നൃത്തമവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിനുടമയായി തളിപ്പറമ്പുകാരി. കൂവോട് സ്വദേശിനി ഹിമ വിജയനാണ് ഡാൻസ് കവർ ചെയ്‌ത് റെക്കോഡ് സ്വന്തമാക്കിയത്. ഒമ്പത് മിനിറ്റും 25 സെക്കൻഡും നീണ്ടു നിന്ന നൃത്തത്തിനാണ് ഹിമക്ക് റെക്കോഡ് ലഭിച്ചത്. 75-ാം സ്വാതന്ത്ര ദിനത്തിൽ റെക്കോഡ് ലഭിച്ചതിന്‍റെ ആഹ്ലാദത്തിൽ കൂടിയാണ് ഹിമയും കുടുംബവും.
ഒമ്പത് വർഷമായി നൃത്തം അഭ്യസിച്ചുവരുന്ന ഹിമ സുഹൃത്തുക്കളുടെ നിർദേശാനുസരണമാണ് റെക്കോഡിനായുള്ള അപേക്ഷ സമർപ്പിക്കുന്നത്. വ്യത്യസ്‌തമായുള്ള വിഷയം വേണമെന്നതിനാലാണ് സ്വാതന്ത്ര്യസമര നേതാക്കളെ സ്മരിച്ചുകൊണ്ടുള്ള ഡാൻസ് കവർ തെരഞ്ഞെടുത്തതെന്നും ഹിമ പറയുന്നു. കിട്ടൂർ റാണി ചെന്നമ്മ, അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മി സാഗൾ, സാവിത്രി ഭായ് ഫുലെ, കമല നെഹ്‌റു എന്നിവരെ ഓരോ മിനിറ്റിനുള്ളിൽ മേക്ക്ഓവർ ചെയ്‌തതും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എജെ മെഡിക്കൽ കോളജിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ് ഹിമ. അച്ഛൻ വിജയനും അമ്മ സുനിതയും സഹോദരി നിവയും ഹിമയ്ക്ക് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. ഗിന്നസ് ലോക റെക്കോർഡ് നേടാൻ പറ്റുമെന്ന പ്രതീക്ഷയിൽ പരിശീലനവുമായി മുന്നോട്ടുപോകുകയാണ് ഈ കലാകാരി.
ALSO READ: 5 മിനിറ്റ് 45 സെക്കൻഡില്‍ 50 യോഗമുറകൾ; വിസ്മയമായി 4 വയസുകാരി!