കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി 23 കിലോമീറ്റർ നീളത്തില്‍ ചെങ്കൊടികളുമായി അണിനിരന്ന ‘റെഡ് ഫ്ലാഗ് ഡേ’ യുആർഎഫ് റെക്കോഡിലേക്ക്. പരിപാടി രേഖപ്പെടുത്താനെത്തിയ യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം (യുആർഎഫ്) പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചു. തലശ്ശേരി ജവഹർ ഘട്ടിൽ നിന്ന് കണ്ണൂർ ഗാന്ധി സർക്കിളിലെ എകെജി സ്ക്വയർ വരെ 23 കിലോമീറ്റർ നീളത്തിൽ ദേശീയപാതയോരത്ത് തുടർച്ചയായി ചെങ്കൊടി ഉയർത്തിപ്പിടിച്ചാണ് ഫ്ലാഗ് ഡേ ആചരിച്ചത്.
15 മീറ്റർ നീളത്തിലുള്ള ചെമ്പതാകകൾ തുന്നിച്ചേർത്താണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഇടതടവില്ലാതെ 23 കിലോമീറ്റർ ദൂരം ചേർത്തുപിടിച്ചത്. വെള്ളിയാഴ്‌ച (01.04.22) വൈകിട്ട് 5 മുതൽ 5.15 വരെയായിരുന്നു പരിപാടി. ജവാഹർ ഘട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഫ്ലാഗ് ഡേ പ്രഖ്യാപനം നടത്തി.
എകെജി സ്ക്വയറിൽ കേന്ദ്ര കമ്മറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ തുടങ്ങിയവർ അവസാന കണ്ണികളായി. കരിവെള്ളൂർ രക്തസാക്ഷി സ്‌മാരകം മുതൽ മാഹി പൂഴിത്തലയിൽ പ്രത്യേകം ഒരുക്കിയ ചെറുകല്ലായി രക്തസാക്ഷി കവാടം വരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളിൽ 150 മീറ്റർ വീതം നീളമുള്ള ചെങ്കൊടിയേന്തി പ്രവർത്തകർ അണിനിരന്നു.
Also read: ഇനി വ്രതശുദ്ധിയുടെ 30 ദിനങ്ങൾ... റമദാൻ മാസത്തിന് തുടക്കം