കണ്ണൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാർ നേതാവിനെക്കാൾ തരം താണുപോയെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്‍. രാഷ്‌ട്രീയ തറവേലയാണ് ഗവര്‍ണറില്‍ നിന്നുണ്ടാകുന്നത്. ഗവർണർ പദവിയിലിരുന്ന് രാഷ്‌ട്രീയം കളിക്കാൻ തുടങ്ങിയാൽ അത് ഭരണഘടനക്ക് എതിരാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.
ചാൻസലറും പ്രോ വൈസ് ചാൻസലറും തമ്മിൽ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാൽ ഗവർണർ മുൻ ഗവർണർമാരില്‍ നിന്ന് വ്യത്യസ്ഥമായ സമീപനമെടുക്കുകയാണ്. അത് തെറ്റായ നടപടിയാണ്.
ചാൻസലർ എന്ന അധികാര ഗർവ്വിൽ നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ജയരാജൻ പറഞ്ഞു. മുൻ ഗവർണർ മെറിറ്റും നിയമവും നോക്കിയാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്. സുപ്രീം കോടതി മുൻ ന്യായാധിപനായിരുന്ന ആളാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചത്.
പുനർനിയമനത്തിന് അനുമതി കൊടുത്തപ്പോൾ വിസിയുടെ യോഗ്യതകൾ ഇപ്പോഴത്തെ ഗവർണർ പരിശോധിച്ചിരിക്കുമല്ലോ. ഇപ്പോൾ കൊള്ളരുതാത്തവൻ എന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി. എല്ലാ നിയമനങ്ങളും പരിശോധിക്കണം. തെറ്റായ കാര്യം നടന്നിട്ടുണ്ടെങ്കിൽ ഗവർണർ കൂടി ഉത്തരവാദിയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.
Also read: കണ്ണൂർ വി സി പെരുമാറുന്നത് പാർട്ടി കേഡറെ പോലെ, അതിരൂക്ഷ വിമർശനവുമായി ഗവർണർ