കണ്ണൂർ: കണ്ണപുരത്ത് സി.പി.എം പ്രവർത്തകന് നേരെ ആക്രമണം. പാർട്ടി തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കിൽ സ്വദേശി ആദർശിനെയാണ് ഒരു സംഘം ആക്രമിച്ചത്. കണ്ണപുരം പറമ്പത്ത് വെച്ചായിരുന്നു ആക്രമണം. തലക്കും കൈക്കും പരിക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആദർശിനെ ആക്രമിച്ചതിൽ ആർ.എസ്.എസ്- ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പിന്നാലെ യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ നന്ദകുമാറിന്റെ കണ്ണപുരത്തെ വീടിന് നേരെ ബോംബേറുണ്ടായി. ആക്രമണത്തില്‍ വീടിന്റെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല.