കണ്ണൂർ: പ്രവാചക നിന്ദ ചർച്ചയായ സാഹചര്യത്തിൽ മത സൗഹാർദം തകർക്കുന്ന രീതിയിൽ പ്രഭാഷണം പാടില്ലെന്ന് നിര്‍ദേശിച്ച് മയ്യിൽ പൊലീസ് എസ്എച്ച്ഒ പള്ളി കമ്മിറ്റികൾക്ക് നൽകിയ കത്ത് വിവാദത്തിൽ. സർക്കുലർ വിവാദമായതോടെ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്ന് നീക്കി. വർഗീയ പ്രഭാഷണം നടന്നാൽ നിയമ നടപടി എടുക്കുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
സർക്കുലറിനെതിരെ മുസ്‌ലിം ലീഗും എസ്‌ഡിപിഐയും രംഗത്തെത്തി. കത്തിനെതിരെ മുസിലിം സംഘടന നേതാക്കൾ പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. വിവാദ സർക്കുലറിൽ അന്വേഷണം വേണമെന്ന നിലപാടിലാണ് സുന്നി മഹല്ല് ഫെഡറേഷൻ. ആഭ്യന്തര വകുപ്പ് നയം വ്യക്തമാക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുല്‍ മജീദ് ബാഖി പറഞ്ഞു.
നോട്ടീസ് പുറത്തിറക്കിയ പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. പിന്നാലെ സംസ്ഥാന പൊലീസ് മേധാവി എസ്എച്ച്ഒയെ തൽസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. അതേസമയം സർക്കുലറിനെ മുഖ്യമന്ത്രിയും തള്ളിപറഞ്ഞു.
സർക്കുലർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടിന് വിരുദ്ധമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ ഉൾപ്പെടെയുള്ള സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.