കണ്ണൂര്‍: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ജീവനക്കാരെ ഇടത്പക്ഷ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. തൊഴില്‍ വിഷയത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് രണ്ട് മുഖമാണെന്നും ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പത്ത് വർഷവും പെൻഷൻ കുടിശ്ശിക അഞ്ചിരട്ടി വർധിക്കും. ഇത് മുന്നിൽ കണ്ട് പ്രവർത്തിക്കാന്‍ സർക്കാരിന് കഴിയണം. എന്നാല്‍ യു.ഡി.എഫ് ഭരണ കാലത്ത് ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ഓര്‍മപ്പെടുത്തി. ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി കഴിഞ്ഞിട്ടും കമ്മീഷനെ വെക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അടുത്ത സർക്കാരിന്‍റെ തലയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്റെ ശ്രമം. ഇത് മുൻ കാലങ്ങളിലും ഇവര്‍ നടത്തിയ അടവാണ്. പ്രതിപക്ഷത്തായപ്പോൾ തൊഴിൽ വിഷയങ്ങളിൽ ആകുലപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ നിശബ്ദത തുടരുകയാണ് ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.