കണ്ണൂര്‍: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ കപ്പകടവ് സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ അഴീക്കോട് കപ്പക്കടവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെട്ടു.
റമീസിന്‍റെ ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്‍റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഓടിച്ചത് അര്‍ജുന്‍റെ ബൈക്ക്
അർജുന്‍ ആയങ്കിയുടെ KL 13 AJ 7004 ബൈക്കാണ് അപകട സമയത്ത് റെമീസ് ഓടിച്ചിരുന്നത്. KL 13 Y 5500 എന്ന കാറാണ് ബൈക്കിനെ ഇടിച്ചത്. കണ്ണൂർ തളാപ്പ് സ്വദേശിയുടെതാണ് കാര്‍. അമിത വേഗതയിൽ വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാഷികള്‍ പറയുന്നത്. അപകടത്തെ കുറിച്ച് വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്ത്
അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെ തുടർന്ന് ഇദ്ദേഹത്തിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. റമീസിനോട് കൊച്ചി ഓഫിസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ റമീസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
Also read: കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടേതെന്ന് കരുതുന്ന കാർ കസ്റ്റംസ് കസ്റ്റഡിയിൽ