കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ സ്വർണപ്പണയത്തട്ടിപ്പ്. പേരാവൂരിലെ കൊളക്കാട് സർവീസ് സഹകരണ ബാങ്കിലാണ് ഏഴ് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. സിപിഎം ജില്ലാ നേതാവിന്‍റെ മകനായ ബാങ്ക് ജീവനക്കാരൻ വി.പി ബിനേഷിനെ ഭരണ സമിതി സസ്പെൻഡ് ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം ജി.വി പത്മനാഭന്‍റെ മകനാണ് സസ്പെൻഷനിലായ ബിനേഷ്. ഇടപാടുകാർ പണയംവച്ച സ്വർണം അപ്രൈസറിന്‍റെ ചുമതല കൂടി ഉണ്ടായിരുന്ന ബിനേഷ് എടുത്ത് വേറെ ആളുടെ പേരിൽ വീണ്ടും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയത്. സ്വർണ പണയം സംബന്ധിച്ച സൂഷ്‌മ പരിശോധന തുടരുകയാണ്.
തട്ടിപ്പ് വെളിച്ചത്തായതോടെ കോൺഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. തട്ടിപ്പിന്‍റെ വ്യാപ്തി കുറയ്ക്കാനുള്ള ശ്രമം ബാങ്ക് ഭരണസമിതി നടത്തുന്നതായാണ് പ്രതിപക്ഷ ആക്ഷേപം. തട്ടിപ്പിനെക്കുറിച്ച് പൊലീസിൽ പരാതി നൽകാതെ അന്വേഷണത്തിനായി ബാങ്ക് ഭരണസമിതി ഒരു സബ് കമ്മിറ്റി രൂപികരിച്ചിരിക്കുകയാണ്. എന്നാൽ ബാങ്ക് ഭരണസമിതിയിലെ രണ്ട് പേർ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെ ബിനേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. തട്ടിപ്പിന്‍റെ ഒരു അംശം മാത്രമെ പുറത്ത് വന്നിട്ടുള്ളുവെന്നും തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ആവശ്യപ്പെട്ടു.