വയനാട്: കാലവർഷം അടുത്തതോടെ ആശങ്കയിലാണ് ജില്ലയിലെ പ്രളയ ബാധിതര്‍. കൊവിഡ് വ്യാപന കാലത്ത് ക്യാമ്പുകളിൽ താമസിക്കേണ്ടി വന്നാൽ ദുരിതം ഇരട്ടിയാകുമെന്നാണ് ഇവരുടെ ആശങ്ക. കഴിഞ്ഞ രണ്ടു വർഷവും കനത്ത നാശമാണ് മഴ വയനാട്ടിൽ വിതച്ചത്. ഇക്കൊല്ലവും കാലവർഷം കനക്കുമെന്നാണ് നിഗമനം. ഇനിയൊരു ദുരന്തം കൂടി താങ്ങാനാകില്ലെന്നാണ് കഴിഞ്ഞ വർഷങ്ങളിലെ പ്രളയബാധിതർ പറയുന്നത്.
പ്രളയ സാധ്യതയുളള ഇടങ്ങളിൽ താമസിക്കുന്നവരുടെ പട്ടികയുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു. പ്രളയ സമയത്ത് ബന്ധുവീടുകളിൽ മാറി താമസിക്കാൻ കഴിയുന്നവരുടെ പട്ടിക ശേഖരിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ഒരു നടപടിയും ഇതുവരെ തുടങ്ങിയിട്ടില്ല.
ഇതിനിടെ ജൂൺ ഒന്നു മുതൽ വയനാട്ടിൽ മണ്ണെടുക്കുന്നത് ജില്ലാ കലക്ടർ നിരോധിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കബനി നദിയിലെ ബീച്ചനഹള്ളി അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് വയനാട്, മൈസൂരു കലക്ടർമാർ ചർച്ച നടത്തും. ബീച്ചനഹള്ളിയിൽ വച്ചാണ് യോഗം.