വയനാട്: വെള്ളമുണ്ടയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട അധ്യാപികയോട് മാനേജ്മെന്‍റ് ജാതീയ വിവേചനം കാട്ടിയതായി പരാതി. അധ്യാപിക പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലനും മാനന്തവാടി എംഎൽഎ കേളുവിനും പരാതി നൽകി. 2017 മുതൽ വെള്ളമുണ്ട എയുപി സ്‌കൂളിലെ ഗോത്രവിഭാഗം സ്പെഷ്യല്‍ ടീച്ചറായി ജോലി ചെയ്യുന്ന കെ.ആര്‍ ഉഷയാണ് പരാതി നൽകിയത്.
ജൂലൈ പത്തിന് നടന്ന അധ്യാപകരുടെയും മാനേജ്മെന്‍റ് പ്രതിനിധികളുടെയും യോഗത്തിൽ നിന്ന് തന്നെ മാനേജർ ഇറക്കിവിട്ടതായി പരാതിയിൽ ഉഷ ആരോപിക്കുന്നു. അധ്യാപകദിനത്തിൽ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിൽ നിന്നും തന്നെ മനഃപൂര്‍വം മാറ്റി നിർത്താൻ ശ്രമിച്ചെന്നും ഒടുവിൽ അധ്യാപകരുടെ സമ്മർദത്തെ തുടർന്ന് തന്നെ പങ്കെടുപ്പിച്ചെന്നും ഇവർ പരാതിയിൽ പറയുന്നു. ജനുവരി രണ്ടിന് ജീവനക്കാര്‍ക്കുള്ള വിനോദയാത്രയില്‍ തന്നെ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രമിച്ചെന്നും അധ്യാപിക ആരോപിച്ചു. ഇതിന് പിന്നില്‍ ജാതി വിവേചനമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായ അവഗണനക്ക് കാരണം താൻ ആദിവാസി വിഭാഗത്തിൽപെട്ട അധ്യാപികയായതാണെന്നും ഇതേ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലാണെന്നും ഉഷ പറയുന്നു. ഇനിയൊരാൾക്കും സമാന അനുഭവം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഉഷ പരാതിയില്‍ ആവശ്യപ്പെട്ടു.