വയനാട്: കാലം തെറ്റാതെ ഇക്കൊല്ലവും വയനാട്ടിലെ പുൽപ്പള്ളിയിൽ രുദ്രാക്ഷം കായ്ച്ചു. പുൽപ്പള്ളി ദേവീവിലാസത്തിൽ അനീഷാദേവിയുടെ വീട്ടിലാണ് രുദ്രാക്ഷമരമുള്ളത്. സ്വകാര്യ നഴ്സറിയിൽ നിന്ന് തൈ വാങ്ങി നട്ടു വളർത്തുകയായിരുന്നു. മൂന്നര വർഷം മുൻപാണ് കായ്‌ച്ച് തുടങ്ങിയത്. ആദ്യം പച്ച നിറവും പാകമാകുമ്പോൾ ഇരുണ്ട നീലനിറവുമാണ് കായകൾക്ക്. നവംബർ ഡിസംബർ മാസങ്ങളിലും മെയ് ജൂൺ മാസങ്ങളിലുമാണ് രുദ്രാക്ഷം വിളവെടുക്കുക. കായയുടെ പുറത്തുള്ള മാംസളഭാഗം കളഞ്ഞാണ് രുദ്രാക്ഷം പാകപ്പെടുത്തി എടുക്കുന്നത്.
ഇന്തോനേഷ്യയിൽ കൂടുതലായി കാണുന്ന രുദ്രാക്ഷമരം കേരളത്തിൽ വിരളമാണ്. രുദ്രാക്ഷം കാണാൻ നിരവധി പേർ ഇവിടെ എത്താറുണ്ട്. അവർക്ക് എല്ലാം രുദ്രാക്ഷം സമ്മാനമായി നൽകിയാണ് അനീഷാദേവി യാത്രയാക്കാറുള്ളത്. പണം നൽകി ഇവിടെ നിന്ന് രുദ്രാക്ഷം വാങ്ങുന്നവരുമുണ്ട്. ഹിന്ദു മത വിശ്വാസമനുസരിച്ച് ഏറെ പവിത്രതയുണ്ട് രുദ്രാക്ഷത്തിന്. പരമശിവന്‍റെ കണ്ണുകൾക്ക് തുല്യമാണ് രുദ്രാക്ഷമെന്നും, ശിവന്‍റെ കണ്ണുനീർ തുള്ളികളിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നുമാണ് വിശ്വാസം.