വയനാട്: ജില്ലയിലെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതി വരുന്നു. വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ കാടും നാടും വേർതിരിക്കാനാണ് അധികൃതരുടെ തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും. ആദ്യഘട്ട പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ തുടങ്ങും.
ജില്ലയിലെ മനുഷ്യ- വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് നിർമിക്കാൻ 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 32 കിലോമീറ്റർ ദൂരത്തിലാണ് ഫെൻസിങ് നിർമിക്കുന്നത്. ബാക്കി വരുന്ന ഭാഗങ്ങളിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് കർമപദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്ത് വനങ്ങളിൽ വിദേശ സസ്യങ്ങൾ വെട്ടിമാറ്റി പ്രാദേശിക വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വനങ്ങളിൽ ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിക്കും. ഇതിൽ നിന്ന് മൃഗങ്ങൾക്ക് തീറ്റ കിട്ടുന്നതോടെ മനുഷ്യ-വന്യമൃഗ സംഘർഷം കുറയുമെന്നാണ് പ്രതീക്ഷ.