വയനാട്: മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തലപ്പുഴ പൊലീസ് മർദിച്ചതായി പരാതി. പോപ്പുലർ ഫ്രണ്ട് ഏരിയാ സെക്രട്ടറിയും പീച്ചംകോട് മക്കി അബ്ദുല്ലയുടെ മകനുമായ ഇഖ്ബാല്‍(34). പീച്ചംകോട് കുന്നക്കാടന്‍ മരക്കാര്‍ മകന്‍ ഷമീര്‍(39) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ആക്രിക്കടയില്‍ ബൈക്കിന്‍റെ സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ നില്‍ക്കുകയായിരുന്ന ഇരുവരെയും മുഖത്തെ മാസ്ക് നീങ്ങിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേര് ചോദിച്ചറിഞ്ഞതിന് ശേഷം ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോയി മർദിച്ചുവെന്നുമാണ് ആരോപണം.
ഇവരെ കസ്‌റ്റഡിയിലെടുത്ത വിവരം എട്ട് മണിക്കൂറോളം ബന്ധുക്കളെ അറിയിക്കാനോ ചികില്‍സ ലഭ്യമാക്കാനോ തലപ്പുഴ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദനത്തില്‍ പരിക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനും ഉന്നത അധികാരികൾക്കും പരാതി നൽകിയതായും നേതാക്കൾ പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് തലപ്പുഴ പൊലീസിന്‍റെ ഭാഗം.