വയനാട് : മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾ റിമാൻഡിൽ. ബുധനാഴ്‌ച അറസ്റ്റിലായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
രാവിലെ 10 മണിയോടെയാണ് പ്രതികളെ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോള്‍ പൊലീസ് ഒപ്പമുണ്ടാകരുതെന്ന പ്രതികളുടെ നിലപാട് കോടതിയിൽ വാക്ക് തർക്കത്തിന് വഴിവച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പൊലീസും കോടതിയും തയാറായില്ല.
തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. അറസ്റ്റ് വിവരം സംബന്ധിച്ച് ഹൈക്കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതികളെ മാനന്തവാടി ജില്ല ജയിലിലേക്ക് മാറ്റി.
പ്രതികൾ പങ്കെടുക്കാത്തതിനാൽ ഇന്നലെ മരിച്ച അമ്മയുടെ സംസ്കാര ചടങ്ങ് ഉടൻ നടത്തില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.
also read: മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍; വാക്കൗട്ട് നടത്തി പ്രതിപക്ഷം