വയനാട്: സാങ്കേതിക പ്രശ്നങ്ങൾ മൂലം നാടിന്‍റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതില്‍ തടസം നേരിടുന്നതായി പരാതി. വയനാട്ടിൽ എംഎൽഎ ഫണ്ട് വിനിയോഗത്തിന് ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ തടസ്സം സൃഷ്ടിക്കുന്നതായി എംഎല്‍എമാർ പറയുന്നു.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ട് മുഴുവൻ ഇതുവരെ വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു കോടി രൂപയാണ് സംസ്ഥാനത്ത് ഓരോ വർഷവും എംഎൽഎമാർക്ക് പ്രാദേശിക വികസന ഫണ്ട് ആയി നൽകുന്നത്.
എംഎൽഎമാർ നിർദ്ദേശിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നത് കലക്ടറേറ്റിലെ അസിസ്റ്റന്‍റ് ഡെവലപ്‌മെന്‍റ് കമ്മിഷണർ ആണ്. പദ്ധതി നിർവഹണത്തിനു ശേഷം ബില്ലുകൾ സമർപ്പിക്കേണ്ട ഉത്തരവാദിത്തവും ജില്ലാ ഭരണകൂടത്തിനാണ്. ഈ സർക്കാരിന്‍റെ കാലത്ത് വയനാട്ടിൽ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ പദ്ധതികൾ ഏറ്റവും കൂടുതൽ പൂർത്തിയാക്കിയത് മാനന്തവാടി എംഎല്‍എ ആയ ഒ.ആർ കേളു ആണ്. സുൽത്താൻബത്തേരി മണ്ഡലത്തില്‍ 17603850 രൂപയുടെ പദ്ധതികൾ ഐസി ബാലകൃഷ്ണൻ എംഎല്‍എ പൂർത്തിയാക്കി. കല്‍പ്പറ്റയില്‍ സികെ ശശീന്ദ്രൻ എംഎൽഎ 9695007 രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി.
2016- 17 സാമ്പത്തിക വർഷത്തിൽ തുടങ്ങിയ പദ്ധതികളെല്ലാം മൂന്ന് മണ്ഡലത്തിലും പൂർത്തിയായിട്ടുണ്ട്. 2017 - 18 സാമ്പത്തിക വർഷത്തിലെ 98% പദ്ധതികളും പൂർത്തിയായി. 2018- 19, 2019 -20 വർഷങ്ങളിലെ പദ്ധതികളുടെ നിർവഹണം പുരോഗമിക്കുകയാണ്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വനഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം ചില പദ്ധതികളുടെ നിർവഹണം തടസ്സപ്പെട്ടിട്ടുണ്ട്. 2020 -21 സാമ്പത്തിക വർഷത്തെ പദ്ധതി നിർദ്ദേശങ്ങൾ എംഎൽഎമാരായ സി കെ ശശീന്ദ്രനും ഐ സി ബാലകൃഷ്ണനും മാത്രമേ എ.ഡി.സിക്ക് സമർപ്പിച്ചിട്ടുള്ളൂ. ഇതിന് ഭരണാനുമതി ആയിട്ടില്ല. എംഎൽഎ ഫണ്ട് ലാപ്സാകാത്തതു കൊണ്ട് ഈ സർക്കാരിന്‍റെ കാലാവധി കഴിഞ്ഞാലും ജില്ലാ ഭരണകൂടത്തിന് പദ്ധതികൾക്ക് അനുമതി നൽകാൻ കഴിയും.