വയനാട് : മാനന്തവാടി സബ് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്ക് സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല നടപടി ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.രാജീവ് മാനന്തവാടി സബ് ആർടിഒ ഓഫിസിലും സിന്ധുവിന്‍റെ വീട്ടിലുമെത്തി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഓഫിസിലെ 10 ജീവനക്കാരുടെയും, സിന്ധുവിന്‍റെ സഹോദരൻമാരുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്.
സിന്ധുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥയടക്കമുള്ളവരുടെ മാനസിക പീഡനം മൂലമാണെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ജില്ലയിലെത്തി അന്വേഷണം ആരംഭിച്ചത്.
നേരിട്ടത് കടുത്ത മാനസിക പീഡനം : സിന്ധു ഓഫിസിൽ നിന്ന് കടുത്ത മാനസിക പീഡനം അനുഭവിച്ചതായും, കരഞ്ഞുകൊണ്ട് ഓഫിസിൽ നിന്ന് പുറത്തേക്ക് വരുന്നത് കണ്ടതായും നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. ഇതടക്കം സഹോദരൻമാർ കമ്മിഷണറെ ധരിപ്പിച്ചതായാണ് വിവരം. അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം ലഭിച്ച ജൂനിയർ സൂപ്രണ്ട് അജിത കുമാരിയും ഓഫിസിലെത്തി മൊഴി നൽകി.
ജീവനക്കാർ തങ്ങളുടെ വിശദീകരണം എഴുതി നൽകുകയായിരുന്നു. വയനാട് ആർടിഒ ഇ.പി മോഹൻദാസ്, മാനന്തവാടി ജോയിന്‍റ് ആർടിഒ വിനോദ് കൃഷ്‌ണ എന്നിവരുടെ മൊഴികൾ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയായതായും റിപ്പോർട്ട് അടിയന്തരമായി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് സമർപ്പിക്കുമെന്നും ആർ.രാജീവ് പറഞ്ഞു.
'ഓഫിസ് അഴിമതിയിൽ മുങ്ങി' : മാനന്തവാടി സബ് ആർ.ടി.ഒ ഓഫിസ് സീനിയർ ക്ലാർക്കായിരുന്ന എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിനെ ഏപ്രിൽ 6 നാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും, സിന്ധുവിന്‍റെ ഡയറിക്കുറിപ്പുകളും മുൻനിർത്തി മരണ കാരണം ഓഫിസിനുള്ളിലെ പ്രശ്‌നങ്ങളാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
അഴിമതിയുടെ കൂത്തരങ്ങാണ് മാനന്തവാടി സബ് ആർടിഒ ഓഫിസെന്ന ആരോപണമാണ് സിന്ധുവിന്‍റെ ഡയറിക്കുറിപ്പുകളിൽ ഉള്ളത്. ഓഫിസ് ജോലികൾ വിഭജിച്ചുനൽകുമ്പോൾ കൈക്കൂലി കിട്ടാൻ സാധ്യതയുള്ള ഫയലുകൾ തൽപ്പര കക്ഷികൾക്ക് കൂടുതൽ നൽകുന്നതായും, കൈക്കൂലി വാങ്ങാത്തവർക്കെതിരെ മറ്റുള്ളവർ എല്ലാ കുതന്ത്രങ്ങളും സ്വീകരിക്കുന്നുവെന്നും സിന്ധുവിന്‍റെ ഡയറിയിലുണ്ട്.
കൗണ്ടറിൽ ഇരിക്കുമ്പോൾ കൈക്കൂലി ലഭിക്കുന്നതിന് താൻ തടസം നിൽക്കുന്നത് കാരണം തന്നെ കൗണ്ടറിലേക്ക് അടുപ്പിക്കലില്ലെന്നത് ഉൾപ്പടെ ഗൗരവമേറിയ നിരവധി ആരോപണങ്ങളാണ് സിന്ധു ഡയറിയിൽ കുറിച്ചിട്ടുള്ളത്. പല ജീവനക്കാരുടെയും പേര് വെളിപ്പെടുത്തിക്കൊണ്ടാണ് സിന്ധു വിശദീകരിക്കുന്നത്.