കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപ്പാസ് റോഡിന്‍റെ പുനർനിർമാണ പ്രവൃത്തിയിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കെആര്‍എഫ്‌ബി അസി. എഞ്ചിനീയര്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് നടപടിക്ക് നിർദേശം നൽകിയത്.
വർഷങ്ങളായി തുടരുന്ന റോഡിന്‍റെ പുനർനിർമാണ പ്രവൃത്തികൾ അനന്തമായി നീണ്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരായ സർക്കാർ നടപടി. കെആര്‍എഫ്‌ബി പ്രൊജക്‌റ്റ് ഡയറക്‌ടറോടും എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടും വിശദീകരണം തേടും. ജില്ല ആസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ കല്‍പ്പറ്റ ബൈപ്പാസ് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കുഴികളടച്ച് ഗതാഗത യോഗ്യമാക്കാനും ആറ് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനും ജൂൺ നാലിന് ചേർന്ന വികസന സമിതി യോഗത്തിൽ മന്ത്രി നിർദേശം നൽകിയിരുന്നു.
യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ അലംഭാവം ബോധ്യപ്പെട്ടതോടെയാണ് കര്‍ശന നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനം. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്‌ക്ക് റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് കലക്‌ടര്‍ക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Also read: റോഡിലെ ടാർ അടര്‍ന്നു, പലയിടത്തും കുഴികള്‍; പയ്യന്നൂർ-പെരുമ്പ പാലം ശോചനീയാവസ്ഥയില്‍